പേരാവൂരിൽ കനത്ത പോളിംങ്ങ് ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങൾ

ഇരിട്ടി: യു ഡി എഫ് സ്ഥാനാർത്ഥിയും കെ പി സി സി പ്രസിഡന്റുമായ സണ്ണി ജോസഫും, എൽ ഡി എഫ് സ്ഥാനാർത്ഥിയും മുൻ ആരോഗ്യവകുപ്പ് മന്ത്രിയുമായ കെ.കെ. ശൈലജയും, എൻ ഡി എ സ്ഥാനാർഥി പൈലി വാത്യാട്ടും തമ്മിൽ കടുത്ത മത്സരം നടക്കുന്ന പേരാവൂർ മണ്ഡലത്തിൽ റിക്കാർഡ് പോളിംഗ്. പോളിംങ്ങ് സമയം കഴിഞ്ഞിട്ടും മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ഉണ്ടായിരുന്നു. ആറുമണിവരെ മണ്ഡലത്തിൽ 80 ശതമാനത്തിലധികം പേർ വോട്ടുരേഖപ്പെടുത്തി. ചില ചെറിയ അനിഷ്ട സംഭവങ്ങൾ ഒഴിച്ചാൽ തെരഞ്ഞെടുപ്പ് സമാധന പരമായിരുന്നു. രാവിലെ മുതൽ നഗര – ഗ്രാമ വ്യത്യാസമില്ലാതെ പോളിംങ്ങ് സ്‌റ്റേഷന് മുന്നിൽ വോട്ടർമാരുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു. ഉച്ചക്ക് ഒരുമണിമുതൽ മുന്ന് മണിവരെയുളള സമയങ്ങളിൽ മാത്രമാണ് വോട്ടിംങ്ങ് അൽപ്പം മന്ദഗതിയിലായത്. ചൂട് കുറഞ്ഞതോടെ അവശേഷിക്കുന്ന വോട്ടർമാരും കൂട്ടത്തോടെ വോട്ട് ചെയ്യാൻ എത്തിയതാണ് പോളിംങ്ങ് സമയം കഴിഞ്ഞിട്ടും വോട്ടെടുപ്പ് നീളാൻ ഇടയാക്കിയത്. മണ്ഡലത്തിൽ പോളിംങ്ങിന്റെ തുടക്കത്തിൽ മൂന്ന് ബൂത്തുകളിൽ വോട്ടിംങ്ങ് യന്ത്രം പണിമുടക്കി. മൂന്നിടങ്ങളിലും പ്രശ്‌നം പരിഹരിച്ച് പോളിംങ് തുടർന്നു. മുഴക്കുന്ന് ഗവ യു പി സ്‌കൂളിലെ 85 -ാം നമ്പർ ബൂത്തിൽ യു ഡി എഫിന്റെ വനിതാ ബൂത്ത് ഏജന്റിന്റെ ദേഹത്തേക്ക് നായിക്കുരുണ പൊടി വിതറിയതും, ആറളം ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ 103-ാം നമ്പർ ബൂത്തിൽ വോട്ടറുടെ കൈയിൽ നിന്നും ബൂത്ത് ഏജന്റ് സ്ലിപ്പ് പിടിച്ചുവാങ്ങി കീറി എറിഞ്ഞതുമായി ബന്ധപ്പെട്ട് യുഡിഎഫ്- എൽഡിഎഫ് ഏജന്റുമാർ തമ്മിൽ ബൂത്തിനുള്ളിൽ ഉണ്ടായ വാക്കേറ്റവും ഒഴിച്ചാൽ മറ്റൊരിടത്തും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.
വോട്ടിംങ്ങ് യന്ത്രത്തിൽ നിന്നും വോട്ടു രേഖപ്പെടുത്തിയതിന് ശേഷം ഉണ്ടാകേണ്ട ശബ്ദം പുറത്തേക്ക് വരാൻ എടുത്ത കാലതാമസമാണ് വോട്ടിംങ്ങിനെ മന്ദഗതിയിലാക്കിയത്. ഇതുമൂലം അതി രാവിലെ എത്തി വോട്ടുചെയ്തു പോകാൻ ക്യൂവിൽ സ്ഥാനം പിടിച്ചവർക്ക് ഒന്ന് രണ്ട് മണിക്കൂർ കാത്തു നിൽക്കേണ്ടി വന്നു.
ആറളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 102-ാം നമ്പർ ബൂത്തിലും നടുവനാട് എൽ പി സ്‌കൂളിലെ 57-ാം നമ്പർ ബൂത്തിലും മുഴക്കുന്നിലെ അയ്യപ്പൻകാവ് മുബാറക്ക് എൽ പി സ്‌കൂളിലെ 97-ാം നമ്പർ ബൂത്തിലും എടക്കാനം എൽ പി സ്‌കൂളിലെ 78-ാം നമ്പർ ബൂത്തിലും അറുമണിക്ക് ശേഷം നൂറിലധികം പേർ വോട്ടുചെയ്യാൻ ഉണ്ടായിരുന്നു. ഇവർക്ക് ടോക്കൺ നൽകിയാണ് വോട്ടുചെയ്യാൻ അവസരം ഉണ്ടാക്കിയത്.
പേരാവൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 80.89 ശതമാനമായിരുന്നു പോളിംങ്ങ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 74.47 ശതമാനം പേരും വോട്ടു രേഖപ്പെടുത്തി. നിയോജക മണ്ഡലത്തിൽ 183 ബൂത്തുകളിലായി 1,81,584 വോട്ടർമാരാണു ഉള്ളത്. കേന്ദ്രസേനയും, തണ്ടർബോൾട്ടും, എഎൻഎഫും, എടിഎസും, എസ് ഒജിയും, തമിഴ്‌നാട് – മഹാരാഷ്ട്ര സായുധ പോലീസും, ലോക്കൽ പോലീസും ഉൾപ്പെടെ 2000 സേനാംഗങ്ങളാണ് പേരാവൂർ നിയോജക മണ്ഡലത്തിൽ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്നത്.




