വയോധികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസ്: പീഡന ശ്രമം നടന്നു, കുറ്റം സമ്മതിച്ച് യുവാവ്
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് കസ്‌റ്റഡിയിൽ എടുത്ത ഇരുപത്തിരണ്ടുകാരൻ കുറ്റം സമ്മതിച്ചു. വയോധികയെ കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശ്രീ നാരായണപുരം സ്വദേശി ജിത്തു (22) ആണ് പിടിയിലായത്. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും പീഡനശ്രമം നടന്നതായും പൊലീസ് പറയുന്നു.
വയോധികയുടെ വീടിൻ്റെ അടുത്തുള്ള ബന്ധുവീട്ടിൽ സ്‌ഥിരമായി വന്നിരുന്ന ജിത്തു വയോധികയുടെ വീടുമായും അടുത്ത ബന്ധം സ്‌ഥാപിച്ചിരുന്നു. കൊലപാതകത്തിനു ശേഷവും വയോധികയുടെ വീടിനടുത്തുള്ള വീട്ടിലാണ് പ്രതി ഉണ്ടായിരുന്നത്. ജിത്തുവിന്റെ രണ്ടു ഫോണുകളിൽ ഒരെണ്ണം വയോധികയുടെ വീട്ടിൽനിന്നു ലഭിച്ചിരുന്നു. പിന്നീട് രണ്ടാമത്തെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ സൈബർ പരിശോധനയിലാണ് ഇയാൾ തൊട്ടടുത്തുള്ള വീട്ടിൽ ഉണ്ടെന്ന് കണ്ടെത്തിയത്.
വീടിന്റെ പിൻവാതിലിന്റെ കുറ്റി തകർത്ത നിലയിലും മുൻവാതിൽ തുറന്ന നിലയിലുമായിരുന്നു. മുറിയിൽ നിന്ന് സിഗരറ്റ് കുറ്റികളും മൊബൈൽ ഫോണും കണ്ടെടുത്തു. തുടർന്നാണ് പൊലീസ് ഫോണിന്റെ ഉടമയായ ജിത്തുവിനെ പിടികൂടിയത്. സംഭവസമയത്ത് ആക്‌ടീവായിരുന്ന മറ്റൊരു ഫോൺ കൊലപാതകം നടന്ന വീടിനു സമീപത്തു തന്നെ ഉണ്ടെന്നു കണ്ടെത്തിയതോടെ അടുത്ത വീട്ടിൽ ഉറക്കത്തിലായിരുന്ന ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ജിത്തു കുറ്റം സമ്മതിച്ചത്. ബുധനാഴ്‌ച രാവിലെ പുരയിടം വൃത്തിയാക്കാൻ എത്തിയ തൊഴിലാളികളാണ് വയോധികയുടെ മൃതദേഹം കണ്ടത്. പൊലീസ് പ്രതിയെ തിരയുന്നതിനിടയിലും യാതൊരു ഭാവമാറ്റവുമില്ലാതെ ജിത്തു ബന്ധു വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നു.




