മതിയായ സുരക്ഷാ സംവിധാനങ്ങളില്ല; അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയ ദലിത് ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽഹിയിൽ മതിയായ സുരക്ഷാ സംവിധാനങ്ങളിലാതെ അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം. വാൽമീകി സമുദായത്തിൽ പെട്ട രാഹുൽ(32) എന്ന ശുചീകരണ തൊഴിലാളിയാണ് ജോലിക്കിടെ മരണപ്പെട്ടത്. മതിയായ സുരക്ഷാ സംവിധാനങ്ങളോ യാന്ത്രിക പിന്തുണയോ കൂടാതെ എട്ടടിയോളം ആഴമുള്ള അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞ മാസം 30-നാണ് സംഭവം. പൊതുമരാമത്ത് വകുപ്പിൻ്റെ പരിധിയിൽ പെടുന്ന ഓവുചാൽ വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിന് പിന്നാലെ തൊഴിലിടങ്ങളിലെ ജാതീയമായ വേർതിരിവുകളെ കുറിച്ചും ഉദ്യോഗസ്ഥരുടെ അനാസ്ഥയെ കുറിച്ചും ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
മുടങ്ങിക്കിടക്കുകയായിരുന്ന രണ്ട് മാസത്തെ ശമ്പളം ആവശ്യപ്പെട്ടെങ്കിലും മറ്റൊരു ജോലി കൂടി പൂർത്തിയാക്കിയാൽ സാലറി തരാമെന്ന് അധികൃതർ നിബന്ധന വെച്ചതായി ദലിത് ആദിവാസി ശക്തി അധികാർ മഞ്ച് (ഡിഎഎസ്എഎം) പറഞ്ഞു. തുടർന്ന്, വിഷാംശമുള്ള മീഥൈനും ഹൈഡ്രജൻ സൾഫൈഡും അടങ്ങിയ അന്തരീക്ഷത്തിലേക്ക് ഇറങ്ങാൻ രാഹുൽ നിർബന്ധിതനാകുകയായിരുന്നെന്ന് കുടുംബവും ദൃക്‌സാക്ഷികളും പറഞ്ഞു. തന്റെ സഹായിയുമായി ഡ്രൈനേജിലിറങ്ങിയ രാഹുൽ വൈകാതെ ബോധരഹിതനായി വീഴുകയും ചെയ്‌തു. അബോധാവസ്ഥയിൽ രാഹുൽ ഓടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് കൂട്ടാളി അറിയിച്ചിട്ടും രണ്ട് മണിക്കൂറെടുത്തു അദ്ദേഹത്തെ പുറത്തെത്തിക്കാൻ. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
സംഭവത്തിന് പിന്നാലെ, അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തെങ്കിലും മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ നിർബന്ധിത ജോലി ചെയ്യിപ്പിക്കൽ, എസ്സി, എസ്ടി അതിക്രമം തടയൽ എന്നീ വകുപ്പുകൾ ആദ്യം ചുമത്തിയിരുന്നില്ല. കുടുംബത്തിന്റെയും സാമൂഹിക സംഘങ്ങളുടെയും ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ച് പിന്നീട് കൂട്ടിച്ചേർക്കുയാണുണ്ടായത്.
രാഹുലിന്റെ മരണം ആകസ്മികമായിരുന്നില്ലെന്നും തൊഴിലിടങ്ങളിലെ അനിയന്ത്രിതമായ വിഷവാതകം ശ്വസിച്ചുകൊണ്ടായിരുന്നെന്നും കുടുംബം ആരോപിച്ചു. ‘രണ്ട് മാസത്തെ സാലറി കിട്ടാനുണ്ടായിരുന്നു. അത് വാങ്ങണമെന്ന് പറഞ്ഞാണ് രാഹുൽ വീട്ടിൽ നിന്ന് പോയത്. എന്നാൽ, അവൻ ആവശ്യപ്പെട്ടതുപോലെ പണം നൽകുന്നതിന് പകരം ഓട വൃത്തിയാക്കിയാൽ മാത്രമേ പണം തരികയുള്ളൂവെന്ന് കോൺട്രാക്ടർ വാശി പിടിക്കുകയായിരുന്നു’. രാഹുലിന്റെ സഹോദരി പ്രതികരിച്ചു. ‘കാര്യങ്ങൾ ഈയൊരു അവസ്ഥയിലേക്ക് എത്തിച്ചേരുമെന്ന് കരുതിയിരുന്നില്ല. വിഷവാതകം ശ്വസിച്ചാണ് സഹോദരൻ മരിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കും ഈ മരണത്തിൽ പങ്കുണ്ടെന്നതിൽ ഞങ്ങൾക്ക് സംശയമില്ല’. അവർ കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നാലെ, തൊഴിലിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ അനിവാര്യതയെ കുറിച്ചും ലഭ്യതയെ കുറിച്ചും എസ്സി, എസ്ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളെ കുറിച്ചും വ്യാപകമായ ചർച്ചകളുയർന്നിരിക്കുകയാണ്.




