Uncategorized

വിവാഹ വാഗ്ദാനം,വിസ വാഗ്ദാനം, അങ്ങനെ വാഗ്ദാനങ്ങൾ നിരവധി;പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ ദമ്പതികൾ പിടിയിൽ

കൊച്ചി: ഓസ്ട്രേലിയയിൽ ജോലിയും പൗരത്വവും വാ​ഗ്ദാനം ചെയ്ത് പണം തട്ടിയക്കേസിൽ ദമ്പതികളെ അറസ്റ്റ് ചെയ്തു. 10 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. ചെട്ടികുളങ്ങര കണ്ണമംഗലം ഇലഞ്ഞിവേലിത്തറയിൽ താമസിക്കുന്ന ബിജു ബാലൻ (52), ഭാര്യ രശ്മി (44) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എറണകുളത്തെ മരടിൽ നിന്ന് പൂയപ്പള്ളി പൊലീസാണ് പ്രതികളെ പിടികൂടിയത്.

2025 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവർക്കെതിരെ പരാതി കിട്ടിയതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഒളിവിൽ പോയ പ്രതികളെ പൊലീസിന് പിടികൂടാനായില്ല. ഇപ്പോൾ അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഇവരെ പിടികൂടിയത്. ‌പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.

10 ലക്ഷത്തിൻ്റെ പണത്തട്ടിപ്പിന് പുറമേ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പ് കേസുകളും ഇവർക്കെതിരെ നിലവിലുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വിവാഹ വാഗ്ദാനം നൽകി 15.52 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസും വിദേശത്ത് ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ കായംകുളം സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.‌

കൂടാതെ, വിസ വാഗ്ദാനം നൽകിയതിന് കണ്ണൂർ സ്റ്റേഷനിലും കൊല്ലം സ്വദേശിയിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ക്രൈം ബ്രാഞ്ചിലും കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയിൽ നിന്ന് 85 ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടും തിരുവനന്തപുരം സ്വദേശികളായ സ്ത്രീകളെ സമാന രീതിയിൽ കബളിപ്പിച്ചു എന്ന പരാതിയിലും ഇവർക്കെതിരെ കേസ് ഉണ്ട്. വാഹനങ്ങൾ വാങ്ങി മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയതും ലോൺ വാഗ്ദാനം നൽകി പണം തട്ടിയതും ഉൾപ്പെടെ വിവിധ ജില്ലകളിൽ നിരവധി പരാതികൾ ഇവർക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എല്ലാ കേസുകളിലും അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button