Uncategorized

പാൽ വിതരണ വാഹനങ്ങളെ പിന്തുടർന്ന് പാൽ മോഷ്ടിച്ച് വിൽപന; വൈറൽ വീഡിയോയിൽ കുടുങ്ങിയ പ്രതികൾ പിടിയിൽ

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗറിൽ പ്രവർത്തിച്ച് വന്ന പാൽ മോഷണ സംഘത്തെ പിടികൂടി ആന്റി നാർക്കോട്ടിക്‌സ് സ്‌ക്വാഡ്. മാർച്ച് 26ന് വൈറലായ ഒരു യൂടൂബ് വീഡിയോയാണ് മോഷണസംഘത്തെ പിടികൂടാൻ സഹായകരമായത്. പ്രതികളായ രണ്ടുപേരാണ് പിടിയിലായത്. പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചാണ് പ്രതികളെ വലയിലാക്കിയത്.

പാൽ ഡെലിവറി പോയിന്റുകളിൽ നിന്നും പാലും പാൽഉത്പന്നങ്ങളും മോഷ്ടിക്കുന്ന സംഘം പ്രദേശത്ത് ആശങ്ക ഉയർത്തിയിരുന്നു. മുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രാദേശിക ഇന്റലിജൻസും പൊലീസും പ്രതികളെ ട്രേസ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ മൂന്നിന് വികാസ് നഗറിലെ ശിവ് നഗറിലുള്ള ക്രിസ്ത്യൻ പള്ളിക്ക് സമീപം ഇവരെ കുടുക്കാനുള്ള സംവിധാനങ്ങൾ പൊലീസ് സജ്ജീകരിച്ചു. രൻഹോള നിവാസികളായ മോഹിത്ത് എന്ന പാതാ (27), ആയുഷ് മാൻ പാണ്ടേ എന്ന പണ്ഡിറ്റ് (19)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രതികളിൽ നിന്നും ഇവർ മോഷ്ടിച്ച ഒരു ബജാജ് മാക്‌സിമോ എന്ന വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രോഹിണിയിലെ പ്രേം നഗറിൽ നിന്നും മോഷ്ടിച്ച വാഹനമാണിതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇരുവരും പാലും തൈരും ഉൾപ്പെടെ ഉത്തം നഗറിൽ നിന്നും മോഷ്ടിച്ച പാലും പാലുത്പന്നങ്ങളും ഇവർ ദബ്രി, ബിന്ദാപൂർ പ്രദേശങ്ങളിൽ വിൽപന നടത്തുകയായിരുന്നു പതിവ്. തുടർന്ന് ഇവർ തിലക് നഗറിലെയും രൻഹോള പൊലീസ് സ്റ്റേഷൻ പരിധിയിലെയും ഹോണ്ട ആക്ടിവ സ്‌കൂട്ടി, ഹോണ്ട മോട്ടോർ സൈക്കിൾ മോഷണകേസുകളിലെയും പ്രതികൾ ഇവരാണെന്ന് മനസിലായി. ഈ വാഹനങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പാൽ വിതരണ വാഹനങ്ങളെ പിന്തുടരുന്ന പ്രതികൾ ഡെലിവറിക്കിടയിൽ മാറ്റിവയ്ക്കപ്പെടുന്ന ക്രേറ്റുകളാണ് മോഷ്ടിച്ചിരുന്നത്. മോഷ്ടിച്ച വാഹനങ്ങളിൽ ഇവ കടത്തിക്കൊണ്ടുപോയി മറ്റിടങ്ങളിൽ വിൽക്കും. പ്രതികൾ പിടിയിലായതോടെ അഞ്ചു കേസുകൾക്കാണ് പരിഹാരമായത്. ഇതിൽ വാഹനമോഷണം ഉൾപ്പെടെയുണ്ട്. മോഷണ സാധനങ്ങളെല്ലാം കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button