സതീശൻ പറഞ്ഞ ബേപ്പൂരിലെ ജനങ്ങൾക്കുള്ള സമ്മാനം മന്ത്രിസ്ഥാനമോ? സസ്പെൻസ് ഒളിപ്പിച്ച് പി വി അൻവർ

കൊച്ചി: വി ഡി സതീശൻ പറഞ്ഞ സമ്മാനം എന്താണെന്ന് തുറന്നുപറയാതെ ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി വി അൻവർ. ആ സമ്മാനം എന്താണെന്ന് അറിയേണ്ടവർക്ക് അറിയുമെന്ന് അൻവർ ‘കോഫി വിത്ത് സ്മൃതി’യിൽ പറഞ്ഞു. മനസിലാകേണ്ടവർക്ക് അത് മനസ്സിലായിട്ടുണ്ട് എന്നും അൻവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് അൻവർ വിജയിച്ചാൽ ബേപ്പൂരുകാർക്ക് ഒരു സമ്മാനം ഉണ്ടാകുമെന്ന് സതീശൻ പറഞ്ഞത്.
ബേപ്പൂരിൽ താൻ ഉറപ്പായും വിജയിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു. മുഹമ്മദ് റിയാസ് വികസിച്ചു എന്നത് മാത്രമാണ് നടന്നത്. റീൽസിന് വേണ്ടി ലക്ഷങ്ങൾ ചിലവഴിച്ച ആളാണ് റിയാസ്. ഇതെല്ലാം ജനങ്ങൾ ചർച്ച ചെയ്യുന്നുണ്ട് എന്നും അൻവർ പറഞ്ഞു. മരുമോനിസം പ്രയോഗം ബിജെപി ഉപയോഗിക്കുന്നത് തന്നെ സംബന്ധിച്ച് ഒരു പ്രശ്നമല്ല എന്നും അൻവർ പറഞ്ഞു. മുഹമ്മദ് റിയാസ് മരുമകൻ എന്ന നിലയ്ക്ക് സർക്കാരിൽ അമിതാധികാരം ഉപയോഗിക്കുകയാണ്. സർക്കാരിന്റെ പദ്ധതികൾക്ക് പണമില്ലാതെ വരുമ്പോൾ ടൂറിസം പദ്ധതികൾക്കെല്ലാം പണം ലഭിക്കുകയാണ്. മരുമോനിസം എന്ന പ്രയോഗത്തിൽ നിന്ന് താൻ പിന്നോട്ടില്ല എന്നും അൻവർ പറഞ്ഞു.ബേപ്പൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവായ പി വി അൻവറും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. രൂക്ഷമായ വാദപ്രതിവാദങ്ങളുമായാണ് രണ്ട് പേരും കളത്തിലിറങ്ങിയിരിക്കുന്നത്. ഇതിനിടെ അന്‍വര്‍ വ്യക്തിഹത്യ നടത്തുന്നുവെന്ന് റിയാസ് രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് വ്യക്തിഹത്യ നടത്തി പ്രചാരണം നടത്തുന്നതായി അന്‍വറും ആരോപണം ഉന്നയിച്ചിരുന്നു.




