‘LDFനെ നയിക്കുന്നത് വര്‍ഗീയതയുടെ കരം; സിപിഐഎമ്മും BJP-RSSനേതൃത്വവും തമ്മില്‍ അവിശുദ്ധ ബന്ധം’

അമ്പലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരേയും കേന്ദ്രസര്‍ക്കാരിനെതിരേയും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇന്ന് ഇടതുപക്ഷത്തില്‍ ഇടതുപക്ഷത്തിന്റേതായി യാതൊന്നും ഇല്ല. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആലപ്പുഴയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
വര്‍ഗീയതയുടെ അദൃശ്യമായ കരങ്ങളാണ് എല്‍ഡിഎഫിനെ മുന്നോട്ട് നയിക്കുന്നത്. ഇത് രാജ്യത്തെ വിഭജിക്കുന്നതിനും വിദ്വേഷം പരത്തുന്നതിനും കാരണമാകുന്നു. കേരളത്തിലെ സിപിഐഎമ്മും ബിജെപി-ആര്‍എസ്എസ് നേതൃത്വവും തമ്മില്‍ അവിശുദ്ധമായ ഒരു ബന്ധമുണ്ടെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ജി സുധാകരന്‍ കോണ്‍ഗ്രസ് വേദിയിലെത്തിയത് അദ്ദേഹം അവസരവാദപരമായ നിലപാട് സ്വീകരിച്ചതുകൊണ്ടല്ലെന്നും എല്‍ഡിഎഫിന് സംഭവിച്ച അടിസ്ഥാനപരമായ മാറ്റങ്ങള്‍ കാരണമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അധികാരം വരുന്നത് തന്നില്‍ നിന്നാണെന്ന് ഒരു നേതാവ് ചിന്തിക്കാന്‍ തുടങ്ങിയാല്‍ ആ വ്യക്തിയില്‍ ധാര്‍ഷ്ട്യം വന്നുതുടങ്ങും. ഇതോടെ ജനങ്ങളും വ്യക്തിയും തമ്മിലുള്ള ബന്ധം മുറിയും. കേരളത്തിന്റെ മുഖ്യമന്ത്രിക്കും രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും അതാണ് സംഭവിച്ചത്. അതുകൊണ്ടാണ് മൂന്നോ നാലോ ആളുകള്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചപ്പോള്‍ അവരെ ക്രൂരമായി മര്‍ദ്ദിച്ചത്. അധികാരം കൊണ്ട് മത്തുപിടിച്ചയാളുകളെയാണ് ഇതിലൂടെ കാണുന്നത്. തെരഞ്ഞെടുപ്പ് അവര്‍ക്ക് ജനവുമായി ബന്ധം ഇല്ലാതായെന്ന് തിരിച്ചറിയാനുള്ള ഔദ്യോഗിക മാര്‍ഗമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.കേരളം മയക്ക് മരുന്നിന്റെ തലസ്ഥാനമായി മാറി. 75 ശതമാനം വരുന്ന നെല്‍കഷകര്‍ കടക്കെണിയിലാണ്. കയര്‍ വ്യവസായം നശിപ്പിച്ചു. 1.3ലക്ഷം തൊഴിലാളികള്‍ക്ക് തൊഴിലില്ലാത്ത അവസ്ഥ. ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ വ്യാപകമായ ആക്രമണം നടക്കുന്നു. ഇവിടെ നിന്നുള്ള രണ്ട് കന്യാസ്ത്രീകളെയാണ് ഛത്തീസ്ഗഢില്‍ ആക്രമിച്ചത്. മണിപ്പൂരില്‍ പള്ളികള്‍ കത്തുകയാണ്. ഇത് ചെയ്യുന്നവരോട് കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. ഈ രാജ്യത്ത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും ആക്രമിക്കുന്നവരോട് കൂടിച്ചേര്‍ന്നാണ് ഇവിടുത്തെ മുഖ്യമന്ത്രി പങ്കാളിത്തം നടത്തിക്കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മറ്റൊരുവശത്ത് പ്രധാനമന്ത്രി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി വ്യാപാര ഉടമ്പടി ഒപ്പുവെച്ചിരിക്കുകയാണ്. കര്‍ഷകരുടെ കഷ്ടപ്പാടിനെക്കുറിച്ച് നമ്മളിവിടെ പറയുമ്പോള്‍ അദ്ദേഹം നമ്മുടെ കാര്‍ഷിക മേഖലയ്ക്ക് തുറന്നുകൊടുക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. എപ്സ്റ്റീന്‍ ഫയലില്‍ നരേന്ദ്രമോദിയുടെ ക്യാബിനറ്റിലെ മന്ത്രിമാരുടെ പേരുകള്‍ ഉണ്ട്. ഡോണള്‍ഡ് ട്രംപിന് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള വിവരങ്ങള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.




