Uncategorized

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; പരാതി നൽകി പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി. രഘുനാഥ് മേനോൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന തരത്തിലാണ് പ്രചാരണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ചീഫ് ഇലക്ഷൻ ഏജന്റാണ് മലപ്പുറം സൈബർ സെൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഗുരുവായൂർ അമ്പലം മതേതര സർക്കാരിന്റേതാണ്, ഗുരുവായൂർ ദേവസ്വം ബോർഡിൽ മുസ്‌ലിം ലീഗിന് പ്രതിനിധികളുണ്ടാകും’ എന്ന് കുഞ്ഞാലിക്കുട്ടി പ്രസ്താവന നടത്തിയ രീതിയിലാണ് പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥിയെ മതതീവ്രവാദിയായി ചിത്രീകരിക്കാനും സമൂഹത്തിൽ മതസ്പർദ്ധയും വർഗീയ ചേരിതിരിവും ഉണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്ന് പരാതിയിൽ പറയുന്നു. കുഞ്ഞാലിക്കുട്ടി ഒരു ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കുന്ന പഴയ ചിത്രം ദുരുപയോഗം ചെയ്താണ് വ്യാജ പ്രചാരണം.

ഗുരുവായൂർ ദേവസ്വം ബോർഡിൽ മുസ്‌ലിം ലീഗ് പ്രതിനിധികളുണ്ടാകുമെന്നും അമ്പലം സർക്കാരിന്റേതാണെന്നും കുഞ്ഞാലിക്കുട്ടി പ്രസ്താവന നടത്തിയതായി പ്രചരണം നടത്തി, മതസ്പർദ്ധയും കലഹവും ഉണ്ടാക്കാനാണ് ശ്രമം. രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സ്ഥാനാർത്ഥിയെ വർഗീയവാദിയും മതതീവ്രവാദിയുമാക്കി ചിത്രീകരിച്ച് സൽപേര് കളങ്കപ്പെടുത്താനും ശ്രമിക്കുന്നതിനൊപ്പം വ്യാജ പ്രചരണത്തിലൂടെ യുഡിഎഫ് മുന്നണിയെയും അദ്ദേഹത്തെയും പരാജയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം നീക്കങ്ങളെന്നും ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രസ്താവനകൾ കുഞ്ഞാലിക്കുട്ടി നടത്തിയിട്ടില്ലെന്നും വ്യാപകമായി ഈ പോസ്റ്റ് പ്രചരിപ്പിക്കപ്പെട്ടാൽ അത് നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുമെന്നും ഇത്തരം പ്രചരണങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button