വയനാട് പുനരധിവാസത്തിനായി DYFI കൊടുത്ത പണം എങ്ങനെ കോർപ്പറേറ്റ് ഫണ്ടായി എന്ന് വ്യക്തമാക്കണം’: രാജു പി നായർ

കൊല്ലം: വയനാട് പുനരധിവാസത്തിനായി സിപിഐഎം കേന്ദ്ര കമ്മിറ്റി പിരിച്ച ഫണ്ടിന്റെ കണക്ക് പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍. ഡിവൈഎഫ്‌ഐ പിരിച്ച പണം എങ്ങനെയാണ് കോര്‍പ്പറേറ്റ് മണിയാവുക എന്ന് രാജു പി നായര്‍ ചോദിച്ചു. പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പിഐയു)ലേക്ക് എത്ര രൂപ വന്നു എന്ന കണക്ക് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും പണം പിരിച്ച് പത്തുമാസം കഴിഞ്ഞാണ് അത് കൈമാറിയതെന്നും രാജു പി നായര്‍ ആരോപിച്ചു. ഇങ്ങനെ എത്ര പലിശ കിട്ടിയെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കണമെന്നും പിഐയുവില്‍ എത്ര സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രാജു പി നായര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ബിജെപി പുനരധിവാസത്തിന് തുക ചെലവാക്കാത്തത് എന്ന ചോദ്യം സിപിഐഎം ഉയര്‍ത്താത്തതെന്നും അദ്ദേഹം ചോദിച്ചു. കൊല്ലത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
വയനാട് പുരനധിവാസം സംബന്ധിച്ച തര്‍ക്കങ്ങള്‍ രൂക്ഷമായി നടന്നുകൊണ്ടിരിക്കുകയാണ്. വയനാട് പുനരധിവാസ പ്രവര്‍ത്തനത്തിന് വേണ്ടി 3.2 ഏക്കര്‍ ഭൂമി അവിടെ വാങ്ങി. 2.17 ഏക്കറിനായുളള അഡ്വാന്‍സ് ഉള്‍പ്പെടെ രജിസ്‌ട്രേഷന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 5 ഏക്കര്‍ 45 സെന്റ് സ്ഥലം നിലവില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത 100 വീട് പണിയുന്നതിനായി വാങ്ങിക്കഴിഞ്ഞു. ഈ സ്ഥലത്തുളള തറക്കല്ലിടല്‍ ചടങ്ങിന്റെ അന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി 40 പേര്‍ക്ക് 5 ലക്ഷം രൂപ വീതം കൊടുത്തു. വയനാട് ദുരന്തം നടന്നപ്പോള്‍ കടമുറികള്‍ നഷ്ടമായവരായിരുന്നു അവര്‍. ജീവനോപാധികള്‍ നഷ്ടമായവര്‍. സര്‍ക്കാര്‍ അവര്‍ക്ക് സഹായം നല്‍കാതെ വന്നതോടെയാണ് കോണ്‍ഗ്രസ് ആ 40 പേര്‍ക്കും പണം നല്‍കിയത്. സര്‍ക്കാര്‍ അന്ന് ഞങ്ങള്‍ കൊടുത്തപ്പോള്‍ 7 ലക്ഷം രൂപ അവര്‍ക്ക് കൊടുക്കുമെന്ന് പ്രഖ്യാപിച്ചതാണ്. പക്ഷെ അത് ഇതുവരെ കൊടുത്തിട്ടില്ല. കൊടുത്തതിന്റെ കണക്കാണെങ്കില്‍ 5 ഏക്കര്‍ 45 സെന്റ് സ്ഥലവും കടക്കാര്‍ക്ക് കൊടുത്ത 2 കോടി നഷ്ടപരിഹാരവും കൊടുത്തിട്ടുണ്ട്. അതല്ലാതെ ദുരന്തം നടന്നപ്പോഴും അല്ലാത്ത സമയത്തും കിറ്റുകള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റെടുത്ത് നടത്തിയിരുന്നു’ രാജു പി നായർ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന റിപ്പോർട്ടർ ചാനൽ ചര്‍ച്ചയില്‍വെച്ച് സിപിഐഎമ്മിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുളള അക്കൗണ്ട് സംബന്ധിച്ച പരാമര്‍ശം തനിക്കെതിരെയും പാര്‍ട്ടിക്കെതിരെയും സൈബര്‍ ആക്രമണം നടക്കാന്‍ കാരണമായെന്നും രാജു പി നായര്‍ പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇടതുപക്ഷത്തെ നേതൃത്വവും പ്രതിനിധികളും പറഞ്ഞ് സിഎംഡിആര്‍എഫിലേക്ക് പണം കൊടുക്കാനാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നാണ്. ഒരു രൂപ തങ്ങള്‍ പിരിച്ചിട്ടില്ലെന്നാണ് സിപിഐഎം പറഞ്ഞത്. 92,9900 രൂപ സിഎംഡിആര്‍എഫിലേക്ക് കൈമാറിയതായി അവര്‍ പറഞ്ഞിട്ടുണ്ട്. കൊടുത്തത് സംബന്ധിച്ച തര്‍ക്കമല്ല ഇവിടെ നടക്കുന്നത്. 10 വര്‍ഷമായി കേരളത്തില്‍ അധികാരത്തിലില്ലാത്ത, 12 വര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തിലില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് തങ്ങള്‍. വയനാട്ടിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്കുളള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനമാണ്. കൊടുത്ത കണക്കിനെ സംബന്ധിച്ചാണെങ്കില്‍ ഞങ്ങളുടെ അടുത്ത് പോലും സിപിഐഎം എത്തുന്നില്ലെന്നും രാജു പി നായർ പറഞ്ഞു.
സിപിഐഎം രാജ്യവ്യാപകമായി അവരുടെ വെബ്‌സൈറ്റിലുള്‍പ്പെടെ പാര്‍ട്ടിയുടെ അഖിലേന്ത്യാ കമ്മിറ്റി നേതാക്കള്‍ തീരുമാനിച്ച് പണപ്പിരിവ് നടത്തിയത് കേരളത്തിനകത്ത് സിഎംഡിആര്‍എഫില്‍ കൊടുക്കാനാണെന്നത് വാദത്തിന് എടുത്താലും ഇത്രയുംനാളും പണം പിരിച്ചിട്ട് അവര്‍ക്ക് 92,9900 രൂപ മാത്രമേ കിട്ടിയുളേളാ? കോണ്‍ഗ്രസിനോട് പിരിച്ച പണത്തിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് കാണിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഈ സിപിഐഎം നേതാക്കള്‍ക്ക് പോലും വ്യക്തതയില്ലാതിരുന്ന അക്കൗണ്ടില്‍ സിപിഐഎം അഖിലേന്ത്യാ കമ്മിറ്റി എത്ര രൂപ പിരിച്ചു? സുതാര്യത എന്ന് പറയുന്ന സിപിഎം അക്കൗണ്ട് സ്റ്റേറ്റ് മെന്റ് പുറത്തുവിടണം. ഡിവൈഎഫ്ഐ 20 കോടി പിരിച്ചുവെന്നാണ് പറയുന്നത്. ഒരു മാസം കൊണ്ട് ആക്രി വിറ്റ് 20 കോടി പിരിച്ചു എന്നത് മാന്ത്രികവിദ്യയാണ്. അങ്ങനെയാണെങ്കില്‍ ഡിവൈഎഫ്‌ഐ നേതാക്കളെയൊക്കെ ആക്രി ഫെഡറേഷന്‍ പ്രസിന്റാക്കാണം. ആ മേഖലയെങ്കിലും തഴച്ചുവളരട്ടെ. ഡിവൈഎഫ്ഐ ഈ പണം പിരിച്ചിട്ട് കൊടുത്തത് പിഐയുവിലേക്കാണ്. എന്ത് അടിസ്ഥാനത്തിലാണ് അത് ചെയ്തത്. 3 തരത്തിലാണ് പിഐയുവിലേക്ക് പണം കൊടുക്കാനാവുക. ഒന്ന് ഇന്‍ഡിവിജ്വല്‍, രണ്ട് ഗ്രൂപ്പ്, മൂന്ന് കോര്‍പ്പറേറ്റ്. ഡിവൈഎഫ്‌ഐ ഗ്രൂപ്പ് ഗണത്തിലാണ് പെടുന്നത്. കോര്‍പ്പറേറ്റ് സിഎസ്ആര്‍ ഫണ്ടാണ് കൊടുക്കുന്നത്. അവര്‍ തന്നെ പുറത്തുവിട്ട റസീറ്റ് പ്രകാരം കോര്‍പ്പറേറ്റ് മണി എന്നാണ് ഉളളത്. ആക്രി വിറ്റ് പിരിച്ച പൈസ ആണെങ്കില്‍ അതെങ്ങനെ കോര്‍പ്പറേറ്റ് മണി ആകുമെന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്




