Uncategorized

വിസ പ്രശ്നത്തിൽ സഹായം തേടി, പിന്നാലെ യുകെ യുവതിയെ ബലാത്സംഗം ചെയ്ത് ഇന്ത്യക്കാരനായ യൂബ‍ർ ഈറ്റ്സ് ഡ്രൈവർ, പിന്നാലെ ‘സോറി’; അറസ്റ്റ്, തടവ്, നാടുകടത്തലും

യുകെയിലെ ലിങ്കൺഷെയറിൽ ഭക്ഷണവുമായെത്തിയ ഡെലിവറി ഡ്രൈവർ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഇന്ത്യൻ പൗരന് ജയിൽ ശിക്ഷ. ഗുജറാത്ത് സ്വദേശിയായ 47 വയസ്സുകാരൻ ജിതേന്ദ്രകുമാർ പ്രജാപതിയെയാണ് കോടതി മൂന്ന് വർഷവും എട്ട് മാസവും തടവിന് ശിക്ഷിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനും കോടതി ഉത്തരവുണ്ട്.

സഹായം ചോദിച്ച് അടുത്ത് കൂടി

ഈ വർഷം ജനുവരി 14 -നായിരുന്നു കേസിനാസ്പദമായ സംഭവം. ലിങ്കൺഷെയറിലെ ബോസ്റ്റൺ നഗരത്തിൽ ഉബർ ഈറ്റ്സ് (Uber Eats) ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രജാപതി, ഉച്ചഭക്ഷണം എത്തിച്ചു നൽകാനാണ് യുവതിയുടെ വീട്ടിലെത്തിയത്. താൻ ഈ നാട്ടിൽ പുതിയതാണെന്നും വിസ (Visa) സംബന്ധമായ കാര്യങ്ങളിൽ സഹായം വേണമെന്നും പറഞ്ഞ് ഇയാൾ യുവതിയുടെ സന്മനസ്സിനെ മുതലെടുക്കുകയായിരുന്നു. വിസ ആവശ്യങ്ങൾക്കായി ബന്ധപ്പെടാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ ഫോൺ നമ്പറും ഇൻസ്റ്റാഗ്രാം വിവരങ്ങളും ഇയാൾ കൈക്കലാക്കി.

കുറ്റകൃത്യത്തിന് പിന്നാലെ ‘സോറി’

നമ്പർ കൈക്കലാക്കിയ ശേഷം അന്ന് വൈകുന്നേരം തന്നെ ഇയാൾ വീണ്ടും യുവതിയുടെ വീട്ടിലെത്തി. ആദ്യം സാധാരണ നിലയിൽ സംസാരിച്ച ഇയാൾ പിന്നീട് അക്രമാസക്തനാകുകയും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി. ലൈംഗിക അതിക്രമത്തിന് പുറമെ യുവതിയെ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. കുറ്റകൃത്യത്തിന് ശേഷം വീട്ടിൽ നിന്നിറങ്ങിയ പ്രജാപതി യുവതിക്ക് “Hey I am sorry” എന്ന് വാട്ട്‌സ്ആപ്പിൽ സന്ദേശമയച്ചു. തുടർന്ന് തെളിവ് നശിപ്പിക്കാനായി തന്‍റെ വാട്ട്‌സ്ആപ്പിന്‍റെ യൂസർ നെയിം മാറ്റുകയും, സന്ദേശങ്ങൾ താനേ ഇല്ലാതാകുന്ന ‘ഡിസപ്പിയറിംഗ് ചാറ്റ്’ സംവിധാനം ഓൺ ചെയ്യുകയും ചെയ്തു. യുവതി പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോൾ ആരോടും പറയരുതെന്ന് ഇയാൾ അപേക്ഷിച്ചതായും പോലീസ് പറഞ്ഞു.

മൊത്തം 5 വർഷം 2 മാസം തടവ്

എന്നാൽ, യുവതി പോലീസിനെ വിവരം അറിയിച്ചതാണ് പ്രതിയെ ഉടൻ പിടികൂടാൻ സഹായിച്ചത്. ഇയാൾ ഭക്ഷണമെത്തിക്കാൻ ഉപയോഗിച്ച വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് പ്രജാപതിയെ കസ്റ്റഡിയിലെടുത്തിരുന്നു. ബലാത്സംഗത്തിന് മൂന്ന് വർഷവും എട്ട് മാസവും, മറ്റ് ലൈംഗിക അതിക്രമങ്ങൾക്ക് 18 മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചത്. മൊത്തം അഞ്ച് വർഷവും രണ്ട് മാസവും ഇയാൾ തടവിൽ കഴിയണം. യുവതി കാണിച്ച അസാമാന്യ ധൈര്യമാണ് പ്രതിയെ ഇത്ര വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിച്ചതെന്ന് ലിങ്കൺഷെയർ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button