ഇ ഡിയുടെ വിധി ആശ്വാസകരം; കേസിൻ്റെ പേരിൽ പ്രചാരണ രംഗത്ത് വ്യക്തിഹത്യ നേരിട്ടിരുന്നു’: പി വി അൻവർ

കോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇ ഡി) അനൂകുല വിധി ലഭിച്ചതിൽ പ്രതികരണവുമായി ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥി പിവി അൻവർ. ഇ ഡി യുടെ റിപ്പോർട്ട് ആശ്വാസകരമാണെന്നും ഇത്തരത്തിൽ നിരവധി കള്ളക്കേസുകളുണ്ടെന്നും അൻവർ പറഞ്ഞു. കള്ളക്കേസുകൾ ഉയർത്തി പ്രചാരണ രംഗത്ത് തന്നെ വ്യക്തിഹത്യ ചെയ്തു. വികസനം പറഞ്ഞപ്പോൾ വ്യക്തിഹത്യയായിരുന്നു മറുപടിയെന്നും പി വി അൻവർ പ്രതികരിച്ചു.
ബേപ്പൂരിൽ വികസന മുരടിപ്പിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തിനായാണ് ഞാൻ എത്തിയതെന്നും ബേപ്പൂരിൽ ഒരു കെഎസ്ആർടിസി ബസ് പോലുമില്ലെന്നും അൻവർ പറഞ്ഞു. എസ്ഡിപിഐ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ആരുടെ വോട്ടും സ്വീകരിക്കുമെന്നും അൻവർ മറുപടി പറഞ്ഞു. പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.
പി വി അൻവറിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ ഇ ഡി യുടെ ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു. കലൂർ PMLA കോടതിയിൽ അൻവറിനെതിരെ തെളിവില്ലെന്ന റിപ്പോർട്ട് ഇ ഡി സമർപ്പിച്ചു. കർണാടകയിലെ ക്രഷർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത 50 ലക്ഷം തട്ടിയെന്നായിരുന്നു അൻവറിനെതിരെയുള്ള പരാതി. പ്രവാസി വ്യവസായി ഉമ്മയിച്ച പരാതിയിലാണ് അൻവറിനെതിരെ തെളിവില്ലെന്ന ഇ ഡിയുടെ നിർണായക കണ്ടെത്തൽ.




