നടൻ പ്രകാശ് രാജിന്റെ മാതാവ് അന്തരിച്ചു

ബംഗളൂരു: പ്രശസ്ത നടൻ പ്രകാശ് രാജിന്റെ മാതാവ് സുവർണലത അന്തരിച്ചു. 86 വയസായിരുന്നു. ഞായറാഴ്ച രാവിലെ കുടുംബ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരച്ചടങ്ങുകൾ ഇന്ന് ബംഗളൂരുവിൽ നടക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
അമ്മയുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പ്രകാശ് രാജ് മുൻപ് തുറന്നുപറഞ്ഞിരുന്നു. ഈയിടെ അവർക്ക് ബ്രെയിൻ സിസ്റ്റ് ഉണ്ടെന്ന് കണ്ടെത്തുകയും ശസ്ത്രക്രിയക്ക് വിധേയയാവുകയും നിർഭാഗ്യവശാൽ അത് ഗുരുതരമായ ഓർമ്മക്കുറവിന് കാരണമായി എന്ന് അദ്ദേഹം പങ്കുവെച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം, കുടുംബത്തിലെ അടുത്ത അംഗങ്ങളെ പോലും തിരിച്ചറിയാൻ സുവർണലത ബുദ്ധിമുട്ടിയിരുന്നു.
നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ അനുശോചനം രേഖപ്പെടുത്തി. “പ്രശസ്ത നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണലത ഗാരുവിന്റെ നിര്യാണത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് ഞാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു. അമ്മയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന പ്രകാശ് രാജ് ഗാരുവിനും അദ്ദേഹത്തിൻ്റെ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.” അദ്ദേഹം എക്സിൽ കുറിച്ചു.
വെല്ലുവിളികളിലൂടെ ജീവിതം കെട്ടിപ്പടുത്ത ആളാണ് സുവർണലത. കർണാടകയിൽ ജനിച്ച അവർ ചെറുപ്പം മുതലേ നിരവധി കഷ്ടപ്പാടുകൾ സഹിച്ചു. ക്രിസ്്യൻ കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ള അനാഥയായ അവർ ചെറുപ്പത്തിൽ തന്നെ ഒരു ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യാൻ തുടങ്ങി. ഇവിടെ വച്ചാണ് ചികിത്സക്കായി പ്രകാശ് രാജിന്റെ പിതാവിനെ പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. പ്രകാശ് രാജിനെക്കൂടെ ഒരു മകളും മകനും കൂടിയുണ്ട്.




