Uncategorized

ഭാര്യ വീട്ടിൽപോയ സമയം കാമുകിയെ വിളിച്ചുവരുത്തി, തർക്കം; കൊന്ന് കഷ്ണ‌ങ്ങളാക്കി നാവിക ഉദ്യോഗസ്ഥൻ

ഭാര്യ വീട്ടിൽപ്പോയ സമയത്ത് കാമുകിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ നാവികസേന ഉദ്യോഗസ്ഥൻ പൊലീസിൽ കീഴടങ്ങി. വിശാഖപട്ടണത്താണ് സംഭവം. ചിന്താഡ രവിന്ദ്ര(35) യാണ് കാമുകി പൊളിപള്ളി മൗനിക (29)യെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചത്.

ഭാര്യയില്ലാത്ത സമയം വീട്ടിൽ ഒന്നിച്ചു ചിലവഴിക്കാമെന്ന് പറഞ്ഞാണ് രവിന്ദ്ര മൗനികയെ വിളിച്ചത്. ഉച്ചയോടെ വീട്ടിലെത്തിയ മൗനികയുമായി സംസാരിക്കുന്നതിനിടെ തർക്കത്തിലേർപ്പെട്ടതായും പിന്നാലെ കൊലപ്പെടുത്തിയതായും ഇയാൾ പൊലീസിനു മൊഴി നൽകി. 2021ൽ ഡേറ്റിങ് ആപ് വഴിയാണ് രവീന്ദ്ര മൗനികയെ പരിചയപ്പെടുന്നത്. പിന്നാലെ പ്രണയത്തിലായ ഇരുവരും വിശാഖപട്ടണത്ത് പല സ്ഥലങ്ങളിൽവച്ചും കണ്ടുമുട്ടിയതായി പ്രതി മൊഴി നൽകി.
രണ്ടാഴ്ച മുൻപ് രവിന്ദ്രയുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതോടെയാണ് മൗനികയെ ഇയാൾ വീട്ടിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മൗനിക വീട്ടിലെത്തിയത്. തർക്കത്തിനൊടുവിൽ മൗനികയെ കുത്തിക്കൊലപ്പെടുത്തുകയും പിന്നാലെ തലയും മറ്റ് ശരീരഭാഗങ്ങളും വെട്ടി കഷ്ണങ്ങളാക്കുകയും ചെയ്തു. ചില ഭാഗങ്ങൾ ബാഗിനുള്ളിലാക്കി പലയിടത്തായി ഉപേക്ഷിച്ചു.

ബാക്കിഭാഗം വീട്ടിലെ ഫ്രിഡ്‌ജിൽ സൂക്ഷിച്ചു.

തുടർന്ന് നേരെ പൊലീസ് സ്റ്റേഷനിലെത്തിയ രവിന്ദ്ര കുറ്റസമ്മതം നടത്തി. തന്റെ മൂന്നര ലക്ഷം രൂപ മൗനിക തട്ടിയെടുത്തതായും ബന്ധം ഭാര്യയെ അറിയിക്കുമെന്ന്ഭീഷണിപ്പെടുത്തിയതായും മൊഴിയിൽ പറയുന്നു. ഇക്കാരണത്താൽ പലതവണ ഇവർ തമ്മിൽ തർക്കങ്ങളുണ്ടായിട്ടുണ്ടെന്നും കൊലയ്ക്ക് കാരണമിതാണെന്നും രവിന്ദ്ര പൊലീസിനെ അറിയിച്ചു.

വീട്ടിലെത്തിയ പൊലീസ് ഫ്രിഡ്‌ജിൽ നിന്നും ശരീരഭാഗങ്ങൾ കണ്ടെടുത്തു. എന്നാൽ തല കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു.

രവിന്ദ്രയ്ക്കെതിരെ കൊലക്കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് ബാക്കി ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button