എംഎൽസി സ്ഥാനം രാജിവെച്ച് നിതീഷ്കുമാർ

പറ്റ്ന: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രി സ്ഥാനം ഉടൻ തന്നെ രാജിവെക്കും. ഈ മാസം ആദ്യവാരമാണ് രാജ്യസഭയിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
മാർച്ച് 16നാണ് നിതീഷ് കുമാർ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ഭരണഘടനയനുസരിച്ച് ഒരാൾക്ക് ഒരേസമയം പാർലമെന്റിലും സംസ്ഥാന നിയമസഭയിലോ കൗൺസിലിലോ അംഗമായിരിക്കാൻ കഴിയില്ല.
തെരഞ്ഞെടുക്കപ്പെട്ട് 14 ദിവസത്തിനുള്ളിൽ ഏതെങ്കിലും ഒരു സ്ഥാനം രാജിവെക്കണമെന്ന നിബന്ധന പാലിക്കാനാണ് ഈ നീക്കം.
ജെഡിയു എംഎൽസി സഞ്ജയ് ഗാന്ധിക്കൊപ്പം എത്തിയാണ് മുഖ്യമന്ത്രി രാജിക്കത്ത് ചെയർമാൻ അവധേഷ് നാരായൺ സിംഗിന് സമർപ്പിച്ചത്. രണ്ട് പതിറ്റാണ്ടോളം ബിഹാർ രാഷ്ട്രീയത്തിൻ്റെ കേന്ദ്രബിന്ദുവായിരുന്ന നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നതിൻ്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന കാര്യത്തിലും വരും ദിവസങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഇതോടൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനും ബീഹാർ നിയമസഭാംഗത്വം രാജിവെച്ചു. ബാങ്കിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം രാജ്യസഭാ എംപിയായി ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് പടിയിറങ്ങിയത്.




