Uncategorized

പക്ഷിപ്പനി നിയന്ത്രണവിധേയം; പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല

കോഴിക്കോട് അഞ്ചിടങ്ങളിലായി റിപ്പോർട്ട് ചെയ്ത പക്ഷിപ്പനി നിയന്ത്രണവിധേയം. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗം കണ്ടെത്തിയ പ്രദേശത്തിന് 10 കിലോമീറ്റർ ചുറ്റളവ് സർവൈലൻസ് സോണായി തുടരുകയാണ്. കോഴിക്കടകൾ രണ്ടാഴ്ച്‌ച കൂടി അടച്ചിടണം.
പക്ഷിപ്പനി സ്‌ഥിരീകരിച്ച കക്കോടി, പനങ്ങാട്, ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലും നല്ലളത്തുമായി 3200ലധികം പക്ഷികളെയാണ് കൊന്നൊടുക്കിയത്. ശേഷം അയച്ച സാംപിളുകൾ നെഗറ്റീവ് ആയതോടെ ആശങ്ക പതുക്കെ ഒഴിയുകയാണ്. എന്നാൽ പലയിടത്തും പക്ഷികൾ ചത്തുവീണതിനെ തുടർന്ന് സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇ-കോളി കലർന്ന വെള്ളം കുടിച്ചും ശ്വസാകോശത്തെ ബാധിക്കുന്ന പാസ്‌റ്റുറല്ല രോഗവും കാരണവുമാണ് പക്ഷികൾ ചത്തുവീഴുന്നതെന്നാണ് കണ്ടെത്തൽ.
വേനൽകാലമായതോടെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നാണ് പക്ഷികളിലേക്ക് രോഗം പടരുന്നത്. നിലവിൽ പക്ഷിപ്പനി കണ്ടെത്തിയ പ്രദേശത്തേക്ക് കോഴികളെയോ മറ്റു പക്ഷികളെയോ എത്തിക്കാൻ പാടില്ല. മൂന്ന് മാസത്തേയ്ക്കാണ് നിയന്ത്രണം. 16 ദിവസങ്ങൾക്ക് ശേഷമേ കോഴിക്കടകൾ തുറക്കാൻ പാടുള്ളൂ. മുട്ട, മാംസം എന്നിവ സമയമെടുത്ത് വേവിച്ച് മാത്രമേ കഴിക്കാവൂ എന്ന നിർദേശവും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശ പ്രകാരം രോഗം ബാധിച്ച മേഖലകളിലെ പക്ഷികളെ കൊന്നൊടുക്കുന്ന നടപടികൾ പൂർത്തിയാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button