‘എല്ലാ വോട്ടിനും വിലയുണ്ട്, എതിര്‍ സ്ഥാനാര്‍ത്ഥിയോട് പോലും വോട്ട് ചോദിക്കുന്നതാണ് ഞങ്ങളുടെ രീതി’: പി എം എ സലാം

കോഴിക്കോട്: ജനാധിപത്യ സംവിധാനത്തില്‍ എല്ലാ വോട്ടിനും വിലയുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. എതിര്‍സ്ഥാനാര്‍ത്ഥിയോട് പോലും വോട്ട് ചോദിക്കുന്നതാണ് തങ്ങളുടെ രീതിയെന്നും പിഎംഎ സലാം പറഞ്ഞു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയുമോ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സംഘടനയുടെ വോട്ടും അവരുമായുളള ബാന്ധവവുമല്ല ആഗ്രഹിക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലും എല്ലാ വോട്ടര്‍മാരെയും ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ കാണാറുണ്ട്. അതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ടാകും. അത് ഒരു സ്ഥാനാര്‍ത്ഥിയുടെ ഉത്തരവാദിത്തമാണ് ആ മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെയും വോട്ട് അഭ്യര്‍ത്ഥിക്കുക എന്നത്. അതല്ലാതെ ഏതെങ്കിലും സംഘടനകളുമായി ഞങ്ങള്‍ക്ക് ബന്ധമോ ധാരണയോ നീക്കുപോക്കോ ഒന്നുമില്ല. ജനാധിപത്യ സംവിധാനത്തില്‍ വോട്ടിന് നല്ല വിലയുണ്ട്. മണ്ഡലത്തിലെ വോട്ടര്‍ ആരായിരുന്നാലും അദ്ദേഹത്തിന്റെ വോട്ട് ആ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചോദിക്കാം’ എന്നാണ് പിഎംഎ സലാം പറഞ്ഞത്.
നേമത്ത് ആരുടേയും വോട്ടുകള്‍ വേണ്ടെന്ന് വെയ്ക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. എസ്ഡിപിഐ-സിപിഐഎം ഡീല്‍ ആരോപണങ്ങള്‍ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക്, ഈ ആളുകള്‍ മാത്രം വോട്ടു ചെയ്താല്‍ മതി എന്നൊന്നും പറയാന്‍ പറ്റില്ല. അത് വോട്ടര്‍മാരാണ് തീരുമാനിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. നേരത്തെ നേമത്ത് ശിവൻകുട്ടിയെ പിന്തുണക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞിരുന്നു.
എസ്ഡിപിഐ ബന്ധം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായിരുന്നില്ല. എസ്ഡിപിഐയുടെ തെരഞ്ഞെടുപ്പ് നിലപാട് തന്നോടല്ല, അവരോട് ചോദിക്കണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘വോട്ടിന് വേണ്ടി എല്‍ഡിഎഫിന് അവസരവാദ നിലപാടില്ല. തത്വാധിഷ്ഠിത നിലപാടാണ്. നാടിന് ആപത്തായതിനാലാണ് വര്‍ഗീയതയെ എല്‍ഡിഎഫ് എതിര്‍ക്കുന്നത്. എല്ലാ കാലത്തും വര്‍ഗീയതയുമായി വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. എല്ലാ വര്‍ഗീയതയെയും എല്‍ഡിഎഫും എതിര്‍ക്കും’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.




