Uncategorized

വന്ദേഭാരതിലെ തൈരിൽ പുഴുക്കൾ, കുങ്കുമപ്പൂവെന്ന് ജീവനക്കാരൻ; ഐആർസിടിസിക്ക് 10 ലക്ഷം പിഴ, കരാറുകാരന് 50 ലക്ഷം

ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസിൽ പുഴുക്കൾ നുരയ്ക്കുന്ന ഭക്ഷണം വിതരണം ചെയ്ത സംഭവത്തിൽ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന് (ഐആർസിടിസി) 10 ലക്ഷം രൂപ പിഴയിട്ട് റെയിൽ മന്ത്രാലയം. ഭക്ഷണവിതരണത്തിന്റെ കരാർ കമ്പനിക്ക് 50 ലക്ഷം രൂപയും പിഴയിട്ടിട്ടുണ്ട്. പ്രീമിയം ട്രെയിൻ സർവിസ് എന്ന നിലയിൽ കൊണ്ടുവന്ന വന്ദേഭാരതിൽ മോശം ഭക്ഷണം വിതരണം ചെയ്‌തത്‌ റെയിൽവേക്ക് വലിയ നാണക്കേടായിരുന്നു.
മാർച്ച് 15ന് പാട്‌ന-ടാറ്റാനഗർ വന്ദേഭാരത് എക്സ്പ്രസിൽ യാത്രചെയ്‌തയാൾക്കാണ് പുഴുവരിക്കുന്ന ഭക്ഷണം ലഭിച്ചത്. തൈരിലെ പുഴുക്കളെ കാണിച്ചുകൊടുത്തപ്പോൾ വന്ദേഭാരതിലെ ജീവനക്കാരൻ കുങ്കുമപ്പൂക്കളാണെന്ന് പറഞ്ഞ് ന്യായീകരിക്കാനായിരുന്നു ശ്രമിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്നാണ് ഭക്ഷണപ്പാത്രത്തിൽ മുഴുവനായി പുഴുക്കളുള്ളത് യാത്രക്കാരൻ കാണിച്ചുകൊടുത്തത്.
സംഭവത്തെ തുടർന്ന് യാത്രക്കാരൻ റെയിൽ മന്ത്രാലയത്തിന് പരാതി നൽകുകയായിരുന്നു. വന്ദേഭാരതിൽ മോശം ഭക്ഷണം വിതരണം ചെയ്തത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് റെയിൽവേ പ്രതികരിച്ചു. തുടർന്നാണ് ഐആർസിടിസിക്ക് 10 ലക്ഷം രൂപയും ഭക്ഷണവിതരണത്തിന്റെ കരാർ കമ്പനിക്ക് 50 ലക്ഷം രൂപയും പിഴയിട്ടത്. യാത്രക്കാരുടെ സുരക്ഷയും ഉന്നത ഗുണനിലവാരം നിലനിർത്തലും വളരെ പ്രധാനപ്പെട്ടതാണെന്ന് റെയിൽ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button