Uncategorized

വിറക് ശേഖരിക്കാന്‍ പോയ മൂന്നാര്‍ സ്വദേശി വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് അടിയന്തര ധനസഹായം നൽകി വനം വകുപ്പ്

വിറക് ശേഖരിക്കാന്‍ പോയ മൂന്നാര്‍ സ്വദേശി വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. നല്ലതണ്ണി കല്ലാര്‍ എസ്‌റ്റേറ്റില്‍ ഫാക്ടറി ഡിവിഷനില്‍ നടരാജ് ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയായിരുന്നു നടരാജിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരിച്ച കല്ലാർ സ്വദേശി നടരാജിൻ്റെ കുടുംബത്തിന് അടിയന്തിര ധനസഹായമായി വനം വകുപ്പ് 5 ലക്ഷം രൂപ നൽകി. ജില്ലാ കളക്ടറുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നാളെ നടരാജിൻ്റെ കുടുംബത്തിന് 4 ലക്ഷം രൂപയും കൈമാറും.

മൂന്നാര്‍ പഞ്ചായത്തില കല്ലാര്‍ എസ്റ്റേറ്റിലായിരുന്നു ഇന്നലെ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാട്ടാന ആക്രമണത്തിലാണ് നടരാജ് മരണപ്പെട്ടതെന്ന ആരോപണവുമായി പ്രദേശവാസികളും ഗ്രാമ പഞ്ചായത്തംഗങ്ങളും രംഗത്ത് വന്നിരുന്നു. മരിച്ച നടരാജിൻ്റെ മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. നടരാജിൻ്റെ മരണകാരണം വന്യജീവി ആക്രമണമാണെന്ന് സ്ഥിരീകരിച്ചു. ഇതേ തുടർന്നാണ് വനം വകുപ്പ് നടരാജിൻ്റെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തിര ധനസഹായം കൈമാറിയത്.

വനം വകുപ്പ് ആകെ പത്ത് ലക്ഷം രൂപ നടരാജിൻ്റെ കുടുംബത്തിന് നൽകും. ഇന്ന് നൽകിയ തുകക്ക് പുറമെയുള്ള 5 ലക്ഷം രൂപ വനം വകുപ്പ് മറ്റ് നിയമനടപടികൾ പൂർത്തീകരിച്ച ശേഷമാകും കുടുംബത്തിന് നൽകുക. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് നടരാജ് സമീപമുള്ള വനമേഖലയില്‍ വിറക് ശേഖരിക്കാന്‍ പോയിരുന്നു. വൈകീട്ട് ആറ് കഴിഞ്ഞിട്ടും തിരിച്ചെത്താഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കളും എസ്റ്റേറ്റ് തൊഴിലാളികളും വനമേഖലയില്‍ പരിശോധന നടത്തിയപ്പോഴാണ് നടരാജിൻ്റെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button