അടിമകളാകാൻ ഞങ്ങളില്ല, ഞങ്ങൾ ചങ്ങലകളാൽ ബന്ധസ്ഥരല്ല, വോട്ട് നോട്ടയ്ക്ക്; പൊന്നാനിയിൽ സഖാക്കളുടെ പേരിൽ ഫ്ളക്സ്

മലപ്പുറം: നോട്ടക്ക് വോട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനിയില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. പൊന്നാനി മണ്ഡലത്തിലെ പുതുപൊന്നാനി 44-ാം വാര്‍ഡ് സഖാക്കള്‍ എന്ന പേരിലാണ് പോസ്റ്റര്‍ ഉയര്‍ന്നത്. ‘അടിമകള്‍ ആകാന്‍ ഞങ്ങളില്ല.. ഞങ്ങള്‍ ചങ്ങലകളാല്‍ ബന്ധസ്ഥരല്ല… തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഞങ്ങളുടെ വോട്ട് നോട്ടയ്ക്ക്’, എന്ന് ഫ്‌ളക്‌സില്‍ പറയുന്നു.
ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും പരാജയത്തിന്റെ വരികള്‍ വായിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന താക്കീതും പോസ്റ്ററിലുണ്ട്. പോസ്റ്ററില്‍ ചെഗുവേരയുടെയും വിഎസ് അച്യുതാനന്ദന്റെയും ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. എം കെ സക്കീറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പൊന്നാനിയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
ഒരാൾക്ക് തന്നെ എല്ലാ പദവികളും എന്തുകൊണ്ട് നൽകുന്നു എന്നാണ് പ്രധാന വിമർശനം. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പൊന്നാനിയിൽ സക്കീറിനെ ഉൾപ്പെടുത്തിയത്. പല ഘടകങ്ങൾ പരിഗണിച്ചാണ് എം കെ സക്കീറിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചതെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ 1278 വോട്ടിന്റെ മുന്‍തൂക്കം പൊന്നാനിയിൽ യുഡിഎഫിനുണ്ട്. മണ്ഡലത്തിലെ ആറ് തദ്ദേശ സ്ഥാപനങ്ങളില്‍ നാല് എണ്ണത്തില്‍ യുഡിഎഫിനും രണ്ടെണ്ണത്തില്‍ എല്‍ഡിഎഫിനുമാണ് ഭരണം. തങ്ങളുടെ കോട്ടയായ പൊന്നാനി നഗരസഭ കൈവിടാതെ കാത്തുസൂക്ഷിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. 53 വാര്‍ഡുകളില്‍ 30ല്‍ എല്‍ഡിഎഫ് വിജയിച്ചു. 18 സീറ്റുകളില്‍ യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും വിജയിച്ചു.
ആലംകോടും പെരുമ്പടപ്പും മാറഞ്ചേരിയും നന്നംമുക്കും യുഡിഎഫിന് ലഭിച്ചു. പൊന്നാനി നഗരസഭയെ കൂടാതെ വെളിയങ്കോട് പഞ്ചായത്തിലാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്. മണ്ഡലത്തിലെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിനാണ്.




