Uncategorized

രാജ്യത്തെ ഞെട്ടിച്ച് യുപിയിൽ പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല, 22 പേര്‍ അറസ്റ്റിൽ; സ്വന്തമായി സിസിടിവി സ്ഥാപിച്ച് ചാരവൃത്തി

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖലയെ തകർത്ത് പൊലീസ്. കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായ പ്രതികളുടെ എണ്ണം 22 ആയി ഉയർന്നു. ശൃംഖലയുടെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ നൗഷാദ് അലി (ലാലു) ഫരീദാബാദിൽ നിന്നാണ് പിടിയിലായത്. ഒരു പെട്രോൾ പമ്പിന് സമീപം പഞ്ചർ ഒട്ടിക്കുന്ന കടയുടെ മറവിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.

സാങ്കേതിക വിദ്യയിൽ അറിവുള്ള യുവാക്കളെ ചാരപ്രവർത്തനത്തിനായി റിക്രൂട്ട് ചെയ്യുന്നതിൽ നൗഷാദ് അലി പ്രധാന പങ്കുവഹിച്ചിരുന്നു എന്നാണ് അന്വേഷണസംഘം പറയുന്നത്. മൊബൈൽ റിപ്പയറിംഗ്, കമ്പ്യൂട്ടർ കൈകാര്യം ചെയ്യൽ, സിസിടിവി ഇൻസ്റ്റാളേഷൻ എന്നിവയിൽ വൈദഗ്ധ്യമുള്ളവരെയാണ് ഇയാൾ സംഘത്തിലേക്ക് ആകർഷിച്ചിരുന്നത്. കൊൽക്കത്തയിൽ നിന്നാണ് ഇയാളെ ഈ ശൃംഖലയുടെ ഭാഗമായി ഫരീദാബാദിലേക്ക് എത്തിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവാക്കളെ പണം നൽകി പ്രലോഭിപ്പിച്ചാണ് അതിർത്തി കടന്നുള്ള ചാരപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നത്.

റെയിൽവേ സ്റ്റേഷനുകൾ, സൈനിക കേന്ദ്രങ്ങൾ തുടങ്ങിയ തന്ത്രപ്രധാനമായ ഇടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മെസേജിംഗ് ആപ്പുകൾ വഴി പാകിസ്ഥാനിലെ കൈമാറുകയായിരുന്നു ഇവരുടെ പ്രധാന രീതി. ഓരോ ചിത്രത്തിനും വീഡിയോയ്ക്കും നിശ്ചിത തുക പ്രതിഫലമായി നൽകിയിരുന്നു. സംശയം ഒഴിവാക്കാൻ സ്ത്രീകളെയും ഈ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. മാർച്ച് 14-ന് സോഹൈൽ മാലിക്, സനെ ഇറം എന്നിവരുൾപ്പെടെയുള്ള ആറ് പേരെ അറസ്റ്റ് ചെയ്തതോടെയാണ് ഈ വൻ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്.ഡൽഹി, സോണിപത് തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ തന്ത്രപ്രധാനമായ ഇടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അതിന്റെ തത്സമയ ദൃശ്യങ്ങൾ പാകിസ്ഥാനിലേക്ക് എത്തിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു. സൈനിക നീക്കങ്ങളും തന്ത്രപ്രധാനമായ വിവരങ്ങളും അതിർത്തി കടന്ന് നിരീക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ഡൽഹി മുതൽ കാശ്മീർ വരെയുള്ള വിവിധയിടങ്ങളിലേക്ക് ഈ ശൃംഖല വ്യാപിപ്പിക്കാൻ ഇവർക്ക് പദ്ധതിയുമുണ്ടായിരുന്നു. ഒരു പോലീസ് കോൺസ്റ്റബിളിന് തോന്നിയ സംശയമാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന ഈ വലിയ ചാരസംഘത്തെ വെളിച്ചത്തുകൊണ്ടുവന്നത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചു. സ്വന്തമായി സിസിടിവി സ്ഥാപിച്ചായിരുന്നു ചാരവൃത്തി. ഡൽഹിയിലും യുപിയിലും സൈനിക കേന്ദ്രങ്ങൾക്ക് സമീപം സിസിടിവികൾ സ്ഥാപിച്ചു. ഡൽഹി കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്നും സിസിടിവി കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button