Uncategorized

ബാദ്‌ഷായുടെ വിവാദ ഗാനം: 154 യൂട്യൂബ് വീഡിയോകളും 703 ഇൻസ്റ്റഗ്രാം റീലുകളും നീക്കം ചെയ്ത് ഹരിയാന പൊലീസ്

റാപ്പർ ബാദ്‌ഷായുടെ ഏറ്റവും പുതിയ ഗാനമാണ് ‘ടട്ടീരി’. ഗാനം റിലീസ് ആയതിന് പിന്നാലെ വരികളിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനുപിന്നാലെ, റാപ്പർ ക്ഷമാപണം നടത്തുകയും എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഗാനം പിൻവലിച്ചതായി അറിയിക്കുകയും ചെയ്തു. വാർത്താ ഏജൻസിയായ എഎൻഐയുടെ പുതിയ റിപ്പോർട്ട് പ്രകാരം, വിവാദ ഗാനത്തിന് എതിരെയുള്ള നടപടികൾ ഹരിയാന പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി നൂറുകണക്കിന് ലിങ്കുകളാണ് പൊലീസ് ഇതിനോടകം നീക്കം ചെയ്തത്.

ആകെ 857 സോഷ്യൽ മീഡിയ ലിങ്കുകളാണ് ഇതുവരെ പൊലീസ് നീക്കം ചെയ്തത്. ഇതിൽ 154 യൂട്യൂബ് വീഡിയോകളും 703 ഇൻസ്റ്റഗ്രാം റീലുകളും ഉൾപ്പെടുന്നു. റീ അപ്‌ലോഡുകളും ചെറിയ ക്ലിപ്പുകളും ഉൾപ്പെടെ ഈ ഗാനത്തിന്റെ എല്ലാ പതിപ്പുകളും നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അശ്ലീലമായ ഉള്ളടക്കങ്ങൾ സംസ്ഥാനത്ത് വച്ചുപൊറുപ്പിക്കില്ലെന്ന് ഹരിയാന ഡിജിപി അജയ് സിംഗാൾ വ്യക്തമാക്കി. നിയമലംഘനം നടത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുമെന്നും കുറ്റം ആവർത്തിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

വനിതാ കമ്മീഷനും ഈ വിഷയത്തിൽ ബാദ്ഷായ്ക്കും ഗാനത്തിന്റെ അണിയറപ്രവർത്തകർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നിലവിൽ പഞ്ച്കുള സൈബർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരികയാണ്. അഭയ് ചൌധരി എന്ന വ്യക്തിയുടെ പരാതിയിലാണ് അന്വേഷണം. ഗാനത്തിലെ ദൃശ്യങ്ങളിൽ സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികളെ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നുമാണ് പരാതി.മാർച്ച് ഒന്നിനാണ് വിവാദമായ ഹരിയാൻവി ഹിപ്- ഹോപ്പ് ഗാനം പുറത്തിറങ്ങിയത്. സിമ്രാൻ ജഗ്‌ലാനും ബാദ്ഷായും ചേർന്നാണ് ഗാനം ആലപിച്ചത്. വരികൾ എഴുതിയത് ബാദ്‍‌ഷായാണ്. ഈണം നൽകിയ് ഹിറ്റൻ. മാഹി സന്ധുവും ജോബൻ സന്ധുവും ചേർന്നാണ് ഔദ്യോഗിക മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button