സാദിഖലി തങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ പ്രചാരണം; പൊലീസ് കേസെടുത്തു

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ കേസെടുത്തു. ലൈംഗികാരോപണം ഉന്നയിച്ച അജ്ഞാത ഐഡിക്കെതിരെ മുസ്‌ലിം ലീഗ് പരാതിയിൽ മലപ്പുറം സൈബർ ക്രൈം പൊലീസാണ് കേസെടുത്തു. അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അക്കൗണ്ട് വഴിയാണ് സാദിഖലി തങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ചത്. അടുത്തിടെയാണ് അക്കൗണ്ട് ആരംഭിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച സൈബർ ഹാൻഡിലുകൾക്കെതിരെയും ലീഗ് പരാതി നൽകും.ആരോപണം ഉന്നയിച്ച ഫേസ്ബുക്ക് അക്കൗണ്ട് ഫോളോ ചെയ്‌തിരിക്കുന്നത് സിപിഎം സൈബർ ഹാൻഡിലായ അഫ്‌സൽ പാണക്കാടിനെ മാത്രമാണ്. എന്നാൽ ആരോപണം ഉന്നയിച്ച ഫേസ്ബുക്ക് അക്കൗണ്ടിനെക്കുറിച്ച് അറിയില്ലെന്ന് അഫ്സൽ പാണക്കാട് പ്രതികരിച്ചു.
സംഭവത്തിൽ രൂക്ഷവിമർശനവുമായി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാർട്ടി നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാലെ, ആരോപണം ഉന്നയിച്ചയാൾ പോസ്റ്റ് പിൻവലിച്ചു. ഫേസ്ബുക്ക് അക്കൗണ്ടും അപ്രത്യക്ഷമായിരിക്കുകയാണ്.




