Uncategorized

പുത്തൻ ഉടുപ്പിട്ട് സൺഗ്ലാസ് ധരിപ്പിച്ച് കുഞ്ഞുങ്ങളുടെ മൃതദേഹം; വീടൊഴിയുമെന്ന് അറിയിച്ചതിന് പിന്നാലെ കൂട്ടമരണം

എറണാകുളം വടുതലയിലെ കൂട്ട മരണം വീടൊഴിയുമെന്ന് അറിയിച്ചതിന് പിന്നാലെ. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മുതിർന്നവർ തൂങ്ങിമരിക്കുകയായിരുന്നു. തിരുവനന്തപുരം പൂവച്ചൽ സ്വദേശി പരേതനായ അക്ഷതിൻ്റെ ഭാര്യ അശ്വതി, മക്കളായ കാർണിവൻ, കീർത്തിവൻ അക്ഷിത എന്നിവരെയും അശ്വതിയുടെ അമ്മ ശ്രീകുമാരിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസത്തെ പഴക്കമുള്ളതാണ് മൃതദേഹം. 2025 ജൂലൈ 17 ന് അശ്വതിയുടെ ഭർത്താവും തൂങ്ങി മരിക്കുകയായിരുന്നു.

അശ്വതിയും അമ്മയും തൂങ്ങിമരിച്ച മുറിയിലെ ഫാനിൽ പകുതി മുറിച്ചു നീക്കിയനിലയിൽ ഫാൾ കെട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇടതുവശത്തെ മുറിയിൽ കട്ടിലിൽ പുത്തൻ ഉടുപ്പ് ധരിപ്പിച്ച് ഫാൻസി സൺഗ്ലാസ് ധരിപ്പിച്ച നിലയിലായിരുന്നു ഇളയ രണ്ടുകുട്ടികളുടെ മൃതദേഹം. മറ്റൊരു മുറിയിൽ ഷെർവാണി ധരിച്ചു കിടത്തിയ നിലയിലായിരുന്നു മൂത്തകുട്ടിയുടെ മൃതദേഹം.
ഭർത്താവ് അക്ഷതിൻ്റെ മരണത്തിന് ശേഷം അശ്വതി പൂവച്ചലിലെ വീട്ടിൽ വന്നു കുട്ടികളുമായി പോയതായി ബന്ധുക്കൾ പറയുന്നു. ഫെബ്രുവരിയിലാണ് അശ്വതി കുഞ്ഞുങ്ങളും അമ്മയുമായി വടുതല ഗ്രീൻ ഗാർഡൻസിലെ വീടിന്റെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ ചികിത്സയ്ക്ക് എന്നു പറഞ്ഞാണ് വീട് വാടകയ്ക്ക് എടുത്തത്. ശ്രീകുമാരി വിളപ്പിൻ ശാലയിലെ വീട്ടിലായിരുന്നു താമസം. ഫെബ്രുവരി മുതൽ ഈ വീട് വാടയ്ക്ക് നൽകിയിരിക്കുകയാണ്. തിരുവനന്തപുരം ചാരുപാറ വിശ്വദീപ്‌തി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു മൂത്തമകൻ കാർണിവൻ. കൊച്ചിയിലെത്തിയ ശേഷം സ്കൂളിൽ പോയിരുന്നില്ല.
വീട്ടുടമയുടെ ജ്യേഷ്‌ഠന് വ്യാഴാഴ്‌ അശ്വതിയെയും കുടുംബത്തെയും കണ്ടിരുന്നു. പിറ്റേന്ന് വീട് ഒഴിയുമെന്നാണ് അശ്വതി ഇവരോട് പറഞ്ഞത്. വീട് ഒഴിയുമെന്നതിനാൽ വൃത്തിയാക്കുന്നതിനായുള്ള ഒരുക്കങ്ങൾക്ക് വീട്ടുടമയുടെ ജ്യേഷ്‌ഠൻ വീട്ടെലത്തി അശ്വതിയെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. എസി പ്രവർത്തിക്കുന്നതും ദുർഗന്ധം വമിക്കുന്നതും കണ്ടതോടെ കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കലിനെ വിവരമറിയിച്ചു. മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് അശ്വതിയും ശ്രീകുമാരിയും മരിച്ച നിലയിൽ കണ്ടത്. പൊലീസെത്തിയാണ് മറ്റു മുറികൾ പരിശോധിച്ചത്.
അയൽക്കാരോട് അശ്വതിയും കുടുംബവും അടുപ്പം പുലർത്തിയിരുന്നില്ല. കുട്ടകൾ കളിക്കാൻ പുറത്തേക്കും ഇറങ്ങിയിരുന്നില്ല. അതിനാൽ മരണ വിവരം അയൽക്കാർ അറിഞ്ഞത് ചാനലുകളിൽ വാർത്ത വന്നതിന് പിന്നാലെയാണ്. ഉള്ളി, ഉരുളകിഴങ്ങ് വ്യാപാരിയായിരുന്നു അക്ഷത്. ഭർത്താവിന്റെ മരണത്തെ തുടർന്നുണ്ടായ കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിനു പിന്നിലെന്നും ഭർത്താവിൻ്റെ അടുത്തേക്ക് പോവുകയാണെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button