Uncategorized

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി; കോതമംഗലത്ത് കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് രാജിവെച്ചു

കൊച്ചി: കോതമംഗലത്ത് കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് രാജിവെച്ചു. എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും രാജിവെച്ചതായി അലി പടിഞ്ഞാറെച്ചാലില്‍ അറിയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയും പാര്‍ട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് രാജി.

കോണ്‍ഗ്രസിന്റെ കോട്ടയായ കോതമംഗലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ സാധാരണക്കാരായ പ്രവര്‍ത്തകര്‍ നിരാശരാണെന്നും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുളളതെന്നും അലി പടിഞ്ഞാറെച്ചാലില്‍ പറഞ്ഞു. നേതൃസ്ഥാനത്തുനിന്ന് ഈ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തോട് സ്‌നേഹം മാത്രമേയുളളുവെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും താന്‍ പോകില്ലെന്നും അലി പടിഞ്ഞാറെച്ചാലില്‍ വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് രാജിവെച്ച കാര്യം അലി അറിയിച്ചത്.

‘നെല്ലിക്കുഴി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാനാണ് ഞാന്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടര്‍ന്ന് വരുന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനവും തെരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനവും പ്രതിഷേധത്തിന്റെ ഭാഗമായി രാജിവെക്കുകയാണ്. സിപിഐഎമ്മിന്റെ കോട്ടയായ നെല്ലിക്കുഴി പഞ്ചായത്ത് നിരന്തരമായ സമരപോരാട്ടങ്ങളിലൂടെ പിടിച്ചെടുത്തതിന് ശേഷം 26 സീറ്റുളള പഞ്ചായത്ത് ഭരണസമിതിയില്‍ 16 കോണ്‍ഗ്രസ് അംഗങ്ങള്‍ വിജയിച്ചുവന്നു. അതിനുശേഷം പാര്‍ട്ടിയുമായി യോജിച്ചുപോകാത്ത രീതിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അത് നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല’, അലി പടിഞ്ഞാറെച്ചാലില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ കോട്ടയായ കോതമംഗലം നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം സാധാരണക്കാരായ പ്രവര്‍ത്തകരും നേതാക്കളും ഉന്നയിച്ചിട്ടും അത് അംഗീകരിക്കാതെ ഘടകക്ഷിയായ കേരളാ കോണ്‍ഗ്രസിന് നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. 10 വര്‍ഷം നഷ്ടപ്പെടുത്തി. വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത രീതിയില്‍ പരാജയത്തിലേക്ക് പോകും. നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. ഒരുകാരണവശാലും നേതൃസ്ഥാനത്തുനിന്ന് ഈ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറല്ല. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടരും. മറ്റൊരു പാര്‍ട്ടിയിലും പോകാന്‍ താല്‍പ്പര്യമില്ല. കോണ്‍ഗ്രസിനോട് സ്‌നേഹം മാത്രമേയുളളു. പക്ഷെ സംസ്ഥാന നേതൃത്വം അമ്പേ പരാജയപ്പെട്ട രീതിയിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്. ഇതിലെല്ലാം പ്രതിഷേധിച്ചാണ് രാജിയെന്നും അലി കൂട്ടിച്ചേർത്തു. ഷിബു തെക്കുംപുറമാണ് കോതമംഗലത്തെ യുഡിഎഫ് സ്ഥാനാർത്ഥി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button