Uncategorized

ഒരിക്കൽ ലീഗ് വേദികളിലെ ‘പെൺപുലി’, ഇപ്പോൾ ആർക്കും വേണ്ടാതായി; ദുരനുഭവം പറഞ്ഞ് ആഷിഖ ഖാനം; എന്നാലും പാർട്ടി വിടില്ലെന്ന് നിലപാട്

കോഴിക്കോട്: പാർട്ടിയിൽ നേരിടുന്ന അവഗണനകളെ കുറിച്ച് വിശദമായ അനുഭവ കുറിപ്പ് പങ്കുവെച്ച് മുസ്ലിം ലീഗ് വേദികളിലെ തീപ്പൊരി പ്രാസംഗികയായി ശ്രദ്ധിക്കപ്പെട്ട ആഷിഖ ഖാനം. ഹരിത വിവാദത്തെത്തുടർന്ന് പാർട്ടിക്ക് പുറത്തായെന്ന പ്രചാരണങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയായാണ് ഫെയ്‌സ്ബുക്കിലെ നീണ്ട കുറിപ്പ്. അധികാരത്തിന് വേണ്ടി പാർട്ടി മാറുന്നവർക്കിടയിൽ, അവഗണനകൾക്കിടയിലും ലീഗ് രാഷ്ട്രീയത്തോടുള്ള തന്റെ കൂറ് ആഷിക പ്രഖ്യാപിക്കുന്നു. ഔദ്യോഗിക സ്ഥാനങ്ങളില്ലാതെയും പലപ്പോഴും പരിപാടികളിൽ നിന്ന് അവസാന നിമിഷം മാറ്റിനിർത്തപ്പെട്ടിട്ടും താൻ പാർട്ടിയിൽ ഉറച്ചുനിൽക്കുകയാണെന്ന് അവർ പറയുന്നു.

ലീഗിൽ നിന്ന് മാറ്റിനിർത്തപ്പെട്ട സമയത്ത് എം.എൽ.എമാരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതൃത്വവും നേരിട്ട് വന്ന് വലിയ വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ ലീഗ് അല്ലാത്ത മറ്റൊരു രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു താൻ. പ്രസംഗിക്കാൻ വിളിച്ച് തീയതി നിശ്ചയിച്ച ശേഷം, പരിപാടിയുടെ അന്നേ ദിവസം രാവിലെ ‘എതിർപ്പുണ്ട്’ എന്ന് പറഞ്ഞ് പരിപാടികൾ റദ്ദാക്കുന്ന സാഹചര്യം പതിവാണ്. പാർട്ടിക്കെതിരെ സംസാരിച്ചവർ എന്ന മുദ്രകുത്തിയാണ് പലപ്പോഴും മാറ്റിനിർത്തുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ നാട്ടിലെ ലീഗ് നേതൃത്വം സമീപിച്ചിരുന്നു. എന്നാൽ പൊതുവേദികളിൽ തന്നെ “പെൺപുലി” എന്ന് വിശേഷിപ്പിക്കുന്ന നേതാവ് തന്നെ പാർട്ടിക്കെതിരെ സംസാരിച്ചവളാണെന്ന് പറഞ്ഞ് ആ അവസരം മുടക്കി.’

’12-ാം വയസ്സിൽ ഇ.ടി. മുഹമ്മദ് ബഷീറിന് വേണ്ടി പ്രസംഗിച്ചാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. ഹരിതയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. ഫാത്തിമ തഹ്‌ലിയ ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടി നേതൃത്വവുമായി സംസാരിച്ച് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചിട്ടും താനാണ് അത് വേണ്ടെന്ന് വെച്ചത്. അധികാര കസേരകൾ കിട്ടിയിട്ടും ആർത്തി തീരാത്തവർക്കിടയിൽ, പാർട്ടി തനിക്ക് എന്ത് നൽകി എന്നതിനേക്കാൾ പാർട്ടിയോടുള്ള സ്നേഹത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് ആഷിഖ പറയുന്നു. അനീതികൾക്കെതിരെ ശബ്ദിച്ചുകൊണ്ട്, ഒരു മുസ്ലിം ലീഗുകാരിയായി അവസാനം പച്ചപ്പതാക പുതച്ച് യാത്രയാകുന്നതുവരെ ഈ മണ്ണിലുണ്ടാകുമെന്നും ആഷിഖ വ്യക്തമാക്കുന്നു. ഹരിത വിവാദത്തിന് ശേഷം മുസ്ലിം ലീഗിൽ അരികുവത്കരിക്കപ്പെട്ട വനിതാ നേതാക്കളുടെ മാനസികാവസ്ഥയും ഇവരുടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവും വെളിപ്പെടുത്തുന്നതാണ് ആഷിഖയുടെ കുറിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button