Uncategorized

‘അത് സ്ഥാനാർത്ഥിയാക്കിയവരുടെ കുഴപ്പമല്ല’; ലക്ഷ്‍മിയെയും വീണയെയും മാറ്റേണ്ടി വന്നതിനെക്കുറിച്ച് അഖിൽ മാരാർ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പുറത്തുവന്നതിന് പിന്നാലെ കേരളത്തിന്‍റെ ഓരോ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് ആവേശം ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് ട്വന്റി ട്വന്റിയുടെ സ്ഥാനാർഥി പട്ടികയായിരുന്നു. വീണാ നായർ, ലക്ഷ്മി പ്രിയ, അഖിൽ മാരാർ, പ്രോമി തുടങ്ങിയ സെലിബ്രിറ്റികളാണ് ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം ഇടം പിടിച്ചത്. പിന്നാലെ വോട്ടില്ലാത്തതിന്റെ പേരിൽ വീണയ്ക്കും ലക്ഷ്മിയ്ക്കും മത്സരത്തിൽ നിന്നും പിന്മാറേണ്ടിയും വന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ബിഗ്ബോസ് മുൻതാരവും തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. വീണയുടെയും ലക്ഷ്മിപ്രിയയുടെയും കാര്യത്തിൽ സംഭവിച്ചത് സ്ഥാനാർത്ഥിയാക്കിയവരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയല്ലെന്ന് അഖിൽ മാരാർ പറയുന്നു.

”അത് സ്ഥാനാർത്ഥിയാക്കിയവരുടെ കുഴപ്പമല്ല. നമ്മൾ ഒരാളെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച് അവരോട് സംസാരിക്കുമ്പോൾ സ്വാഭാവികമായും നമ്മൾ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് നമ്മൾ ചോദിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടിങ്ങ് ലിസ്റ്റ് സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ വോട്ടർ പട്ടികയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെയാണെന്നുമുള്ള അറിവ് ഒരുപക്ഷേ ഇവർക്ക് ഇല്ലാതെ പോയിക്കാണും”, അഖിൽ മാരാർ പറഞ്ഞു.

അതിനിടെ, കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പു ചൂടിലേക്ക് കടന്നുകഴിഞ്ഞു. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി മുന്നണികൾ രംഗത്തിറങ്ങിക്കഴിഞ്ഞു. കേരളത്തിന് പുറമെ ഏപ്രിൽ ഒന്‍പതിന് അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് നടക്കും. തമിഴ്നാട് ഏപ്രിൽ 23 നും, പശ്ചിമബംഗാളിൽ രണ്ട് ഘട്ടമായി ഏപ്രിൽ 23 നും 29നുമാണ് വോട്ടെടുപ്പ്. ഏറെ വിവാദമുണ്ടാക്കിയ എസ്ഐആർ നടപടികൾ പൂർത്തിയാക്കിയശേഷം നടത്തുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്.’

recommended by

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button