പകൽ പ്രമുഖ 5 സ്റ്റാർ ഹോട്ടലിൽ ഷെഫിൻ്റെ ജോലി, രാത്രിയിൽ മോഷണം; 22 കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടിലെ ഷെഫിനെ മോഷണ കുറ്റത്തിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 22കാരനായ നിലീഷ് എന്ന യുവാവാണ് പിടിയിലായത്. ഇയാളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും ആഭരണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പകൽ സമയങ്ങളിൽ സൗത്ത് ഇന്ത്യൻ ഫുഡ് ഷെഫായി പ്രമുഖ ഹോട്ടലിൽ ജോലി നോക്കിയിരുന്ന ഇയാൾ രാത്രികാലങ്ങളിൽ മാത്രമാണ് മോഷണത്തിന് തെരഞ്ഞെടുത്തത്.
ആർകെ പുരം പൊലീസിന് ലഭിച്ച ഒരു പരാതിയിലാണ് മോഷ്ടാവ് പൊലീസിന്റെ വലയിലായത്. ടി സെൻ എന്നയാളാണ് പരാതി നൽകിയത്. കുടുംബത്തോടൊപ്പം താൻ രാജസ്ഥാനിൽ യാത്രയിലായിരുന്നപ്പോൾ വീട്ടിൽ സൂക്ഷിച്ചിരുന്ന 3.5ലക്ഷം രൂപയും സ്വർണവും വെള്ളിയുമടക്കമുള്ള ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടുവെന്നാണ് പരാതിയിൽ അദ്ദേഹം പറഞ്ഞിരുന്നത്. ഇതോടെ പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിൽ സംശയകരമായ സാഹചര്യത്തിൽ സ്‌കൂട്ടറിലെത്തിയ ഒരാൾ, വീട് തുറന്ന് അകത്ത് കയറി അരമണിക്കൂറിനുള്ളിൽ മോഷണവസ്തുക്കളുമായി പുറത്തേക്ക് കടന്നത് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണമാണ് നിലീഷിലേക്ക് എത്തിച്ചത്.
പിടിയിലായപ്പോൾ താൻ ഹോട്ടലിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു എന്നാണ് ഇയാൾ മൊഴി നൽകിയത്. എന്നാൽ പൊലീസ് സാങ്കേതിക തെളിവുകളും ഇയാളുടെ ട്രാൻസാക്ഷനുകളുടെ കൃത്യമായ രേഖകളടക്കം പരിശോധിക്കുകയും ചെയ്തു. ഇതോടെ നിലീഷാണ് പ്രതിയെന്ന് വ്യക്തമായി. തുടർന്ന് നിലീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നിലീഷ് മോഷ്ടിച്ച വസ്തുക്കളെല്ലാം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ 2.6ലക്ഷം രൂപയുടെ പണം, സ്വർണ മോതിരങ്ങൾ, മൂക്കുകുത്തികൾ, കമ്മലുകൾ, വെള്ളി കൊലുസുകൾ, വെള്ളിനാണയങ്ങൾ എന്നിവയടക്കമുണ്ട്. മറ്റൊരാളുടെ പക്കൽ നിന്നും മോഷ്ടിച്ച ഒരു ടൂവീലറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ മോഷണങ്ങൾക്കായി ഉപയോഗിച്ച മാസ്റ്റർ കീയും പൊലീസ് കണ്ടെത്തി. 12ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതി ആർകെ പുരം സെക്ടർ 12 നിവാസിയാണ്. പെട്ടെന്ന് പണം ഉണ്ടാക്കാനാണ് മോഷണം നടത്തിയതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിനിടയിൽ പൊലീസിനോട് പറഞ്ഞത്.




