Uncategorized

പഠിക്കാനായി വിളിച്ചുണർത്താൻ അന്നും മുന്നയെ പിതാവ് ഫോൺ ചെയ്തു; തീരാനോവായി എത്തിയത് അപകടവാർത്ത

കായംകുളം : പഠിക്കാനായി എന്നും രാവിലെ അഞ്ചിന് മുന്നയെ (അഭിയാനെ) പിതാവ് ഡോ. മുജീബ് റഹ്‌മാൻ ഫോണിൽ വിളിച്ചുണർത്തുമായിരുന്നു. ബുധനാഴ്ച രാവിലെയും പതിവുപോലെ മുജീബ് റഹ്‌മാൻ മകനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. കുറെ കഴിഞ്ഞ് പോലീസ് സ്റ്റേഷനിൽനിന്നു വിളിച്ച് അഭിയാന് അപകടത്തിൽ പരിക്കേറ്റെന്ന വിവരം പറഞ്ഞു. കോഴിക്കോട്ട് ഇലക്ട്രിക് സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ചുണ്ടായ അപകടത്തിലാണ് നൂറനാട് ഗവ. ആശുപത്രിയിലെ അസി. സർജൻ ഡോ.മുജീബ് റഹ്‌മാൻ്റെ മകനും മലബാർ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിയുമായ കായംകുളം പുളിമുക്ക് അലങ്കാറിൽ അഭിയാൻ മുജീബ് (21) മരിച്ചത്.
പെരുന്നാളിനായി വെള്ളിയാഴ്ച കൂട്ടുകാരുമായി കായംകുളത്ത് എത്തുമെന്ന് അഭിയാൻ പറഞ്ഞിരുന്നു. എല്ലാം ദിവസവും രാത്രിയിൽ വീട്ടിലേക്കു വിളിക്കുമായിരുന്നു. ബുധനാഴ്‌ച രാത്രിയിലും വിളിച്ചു. മകനെയും ഡോക്ടറാക്കണമെന്നായിരുന്നു പിതാവിൻ്റെ ആഗ്രഹം. പരീക്ഷ അടുക്കുമ്പോൾ മകനെ പഠിപ്പിക്കാൻ അവധിയെടുത്ത് ഒപ്പം നിൽക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അഭിയാന്റെ വിയോഗം കുടുംബത്തിനു തീരാനോവായി.
കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിലെ മിടുക്കനായ വിദ്യാർഥിയായിരുന്നു അഭിയാനെന്ന് അധ്യാപകരും ഓർക്കുന്നു. മൂന്നുവർഷം മുൻപ് അഭിയാൻ് മാതാവിന്റെ സഹോദരൻ ഷെരീഫ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചിരുന്നു. അതിന്റെ വേദനയിൽനിന്ന് കുടുംബം കരകയറി വരുന്നതിനിടെയാണ് അഭിയാന്റെ വിയോഗം.

മൃതദേഹം വ്യാഴാഴ്‌ച പുലർച്ചെയോടെ കായംകുളം പുളിമുക്കിലുള്ള വസതിയിൽ എത്തിക്കും. രാവിലെ 7.30 വരെ പൊതുദർശനത്തിനു വെച്ചശേഷം ഡോ.മുജീബ് റഹ്‌മാൻ്റെ കുടുംബവീടുള്ള കരുനാഗപ്പള്ളിയിലേക്കു കൊണ്ടുപോകും. രാവിലെ 10-ന് കരുനാഗപ്പള്ളി വെളുത്തമണൽ ജുമാമസ്‌ജിദ് കബറിസ്ത‌ാനിൽ കബറടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button