Uncategorized

യൂസ്ഡ് കാർഷോറൂമിലേക്ക് പെട്രോൾ കുപ്പിയെറിഞ്ഞ് കത്തിക്കാൻ ശ്രമം; ഷോപ്പിന്റെ ചില്ലുവാതിൽതകർന്നു

മൂവാറ്റുപുഴ: കൊച്ചി ധനുഷ്കോടി ദേശീയപതയോരത്തെ യൂസ്‌ഡ് കാർ ഷോറൂമിലേക്ക് പെട്രോൾ നിറച്ച കുപ്പികൾ എറിഞ്ഞ് കത്തിക്കാൻ ശ്രമം. മൂവാറ്റുപുഴ വാളകം മേക്കടമ്പ് മാർ ഇഗ്നാത്തിയോസ് നൂറോനോ പള്ളിക്ക് സമീപം ഓലിക്കൽ അജി ചാക്കോയുടെ വീട്ടുമുറ്റത്ത് തന്നെയുള്ള മൈ കാർ ഷോറൂമാണ് കത്തിക്കാൻ ശ്രമിച്ചത്. തീപിടിച്ചെങ്കിലും പടർന്നില്ല. ഇതിനോട് ചേർന്നുള്ള കെയ്ക്ക് ഷോപ്പിന് തീയിടാനും ശ്രമമുണ്ടായി.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഈ സമയത്ത് വീട്ടിൽ ഉടമയുണ്ടായിരുന്നു. 25 കാറുകൾ സ്ഥലത്തുണ്ടായിരുന്നു. വീടിനോട് ചേർന്നുള്ള അജിയുടെ തന്നെ ഉടമസ്ഥതയിലുള്ള കെയ്ക്ക് ഷോപ്പിന്റെ ചില്ലുവാതിൽ കത്തിയതിനെ തുടർന്ന് തകർന്നിട്ടുണ്ട്. കടയുടെ കാബിനിന്റെ കുറച്ചു ഭാഗത്തും കേടുപറ്റി.
കാറിലെത്തിയ യുവാവ് 3.30-നും 5.30-നും ഷോറൂമിലേക്ക് പെട്രോൾ നിറച്ച കുപ്പി സിഗരറ്റ് കത്തിച്ച് തീപിടിപ്പിച്ചെറിയുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണാം. മൂന്ന് ബിയർ കുപ്പികളിലും ഒരു പ്ലാസ്റ്റിക് കുപ്പിയിലുമാണ് പെട്രോൾ നിറച്ചു കൊണ്ടുവന്നത്. രണ്ട് ചില്ലുകുപ്പി എറിഞ്ഞപ്പോൾ തന്നെ പൊട്ടിപ്പോയി. മറ്റൊരു കുപ്പി പൊട്ടിയില്ല.

കടയുടെ മുന്നിൽ കിടന്ന ചവിട്ടിയും ഇയാൾ കൊണ്ടുവന്ന ഷർട്ടും ചേർത്ത് കത്തിച്ചാണ് കെയ്ക്ക് ഷോപ്പിനു മുന്നിൽ പെട്രോളൊഴിച്ച് തീയിട്ടത്. 3.30 ഓടെ ആദ്യം സ്ഥലത്തെത്തി തീയിട്ടെങ്കിലും കത്തിപിടിച്ചില്ലെന്ന് മനസ്സിലാക്കി 5.30 ഓടെ വീണ്ടും എത്തുകയായിരുന്നു.
ഈ സമയത്ത് റോഡിൽ പ്രഭാതസവാരി നടത്തിയിരുന്നവരുണ്ടായിരുന്നു. ഇവർ ശ്രദ്ധിക്കുന്നത് മനസ്സിലാക്കി ആൾ കാറിനടുത്തേക്ക് നടന്നു വരുന്നതും വെറുതേ നിൽക്കുന്നതും സി.സി.ടി.വി.യിൽ കാണാം. എറണാകുളം ഭാഗത്തുനിന്നാണ് അക്രമി കാറിലെത്തിയത്. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button