Uncategorized

സിസിടിവി ദൃശ്യങ്ങൾ തുണച്ചു, വിദേശിയുവാവിന്റെ രേഖകളടങ്ങിയ ബാഗ് മിന്നൽ വേഗത്തിൽ കണ്ടെത്തി ബെംഗളൂരു പൊലീസ്

ബെംഗളൂരുവിൽ ഓട്ടോറിക്ഷയിൽ വെച്ച് പ്രധാനപ്പെട്ട രേഖകൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട യുകെയിൽ നിന്നുള്ള യുവാവിന് തുണയായി ബെംഗളൂരു സിറ്റി പൊലീസ്. എച്ച്.എസ്.ആർ ലേഔട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ അതിവേഗത്തിലുള്ള ഇടപെടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്. ബ്രിട്ടനില്‍ നിന്നെത്തിയ യുവാവ് താൻ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ അറിയാതെ ബാഗ് മറന്നുവെക്കുകയായിരുന്നു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള പ്രധാന രേഖകളാണ് ബാഗിലുണ്ടായിരുന്നത്. പരാതി ലഭിച്ച ഉടൻ തന്നെ സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡി.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പൊലീസ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഓട്ടോറിക്ഷ തിരിച്ചറിഞ്ഞത്.

ഓട്ടോ ഡ്രൈവറെ കണ്ടെത്തി ബാഗ് സുരക്ഷിതമായി ഉടമസ്ഥന് തിരികെ നൽകുകയും ചെയ്തു. ‘ബ്രിട്ടീഷ് പൗരന് നഷ്ടപ്പെട്ട പ്രധാനപ്പെട്ട രേഖകൾ അടങ്ങിയ ബാഗ് പരാതി ലഭിച്ച ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ട് പൊലീസ് വീണ്ടെടുത്തു. പൊലീസിന്റെ കൃത്യനിഷ്ഠയും സേവനസന്നദ്ധതയും പൊതുജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നു’ എന്നാണ് ബെംഗളൂരു പൊലീസ് ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കിയത്. ബാഗ് തിരികെ ലഭിച്ച വിദേശി പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഏകദേശം 29,000-ത്തിലധികം ആളുകളാണ് എക്സ് (ട്വിറ്റർ) ൽ ഈ വാർത്ത കണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button