Uncategorized

ഇറാൻ്റെ കപ്പൽ ഐറിസ് ദേന ആക്രമിക്കപ്പെടുമെന്ന് ഇന്ത്യ മുൻകൂട്ടി മനസിലാക്കി, കപ്പൽ ഇന്ത്യൻ തീരത്തടുക്കാൻ നിർദേശം നൽകി: റിപ്പോർട്ട്

ദില്ലി: അമേരിക്കൻ അന്തർവാഹിനി തകർത്ത ഇറാൻ നാവികസേനയുടെ കപ്പൽ ഐറിസ് ദേനയ്ക്ക് ഇന്ത്യ സുരക്ഷിത താവളം വാഗ്‌ദാനം ചെയ്തിരുന്നതായി ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര കപ്പൽ പ്രദർശനത്തിലും ‘മിലാൻ-2026’ നാവിക അഭ്യാസത്തിലും പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കപ്പൽ ആക്രമിക്കപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇന്ത്യ ഈ നീക്കം നടത്തിയത്. രാജ്യത്തെ ഏതെങ്കിലും തുറമുഖത്തേക്ക് എത്താനാണ് ഐറിസ് ദേനയോട് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാൽ മാർച്ച് നാലിന് പുലർച്ചെ അമേരിക്കയുടെ ആക്രമണത്തിൽ യുദ്ധക്കപ്പൽ തകരുകയായിരുന്നു.

അമേരിക്കൻ നാവികസേനയുടെ ആക്രമണത്തിൽ തകർന്ന കപ്പലിൽ 180 ഓളം ഇറാനിയൻ സൈനികരാണ് ഉണ്ടായിരുന്നത്. ഇവരിൽ 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷിച്ചു. 87 നാവികരുടെ മൃതദേഹങ്ങൾ ലങ്കൻ നാവികസേന കണ്ടെത്തി ഗാലെയിലെ ആശുപത്രിയിലെത്തിച്ചു. അവശേഷിക്കുന്ന 60 ഓളം നാവികരുടെ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തിയ 32 നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് ലങ്കൻ സർക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ അതിഥിയായി എത്തിയ കപ്പലിനെ മുന്നറിയിപ്പില്ലാതെ തകർത്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. ഇറാൻ നാവികസേനയുടെ മറ്റൊരു കപ്പലായ ‘ഐറിസ് ലാവൻ’ സാങ്കേതിക തകരാറുകളെത്തുടർന്ന് കൊച്ചി തുറമുഖത്ത് അടുപ്പിച്ചിട്ടുണ്ട്. ഐറിസ് ദേന തകർക്കപ്പെട്ട അതേ ദിവസമാണ് ലാവൻ കൊച്ചിയിലെത്തിയത്. 183 ജീവനക്കാരുള്ള ഈ കപ്പലിന് ഇന്ത്യ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന നാവികസേനാംഗങ്ങളെ കൊച്ചി നേവൽ ബേസിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവർക്കുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ നൽകുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തമാകുന്നത് മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും, സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button