Uncategorized

“പൊലീസ് നടപടി ഏകപക്ഷീയം, തന്റെ ഭാഗം കൂടി കേൾക്കണം”; ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ പുറത്താക്കിയതിൽ വിശദീകരണവുമായി സ്കൂൾ മാനേജർ

കൊല്ലം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനധ്യാപികയെ പുറത്താക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന് വിശദീകരണം നൽകി സ്കൂൾ മാനേജർ സുരേഷ്. തന്റെ അറിവോടെ അല്ല സെക്യൂരിറ്റി ജീവനക്കാരൻ പ്രധാന അധ്യാപിക സിന്ധു എസ്. നായരെ തടഞ്ഞത്. വിഷയത്തിൽ തന്റെ ഭാഗം കൂടി കേൾക്കണമെന്നും നിലവിലെ പൊലീസ് നടപടി ഏകപക്ഷീയമാണെന്നും സുരേഷ് പറ‍ഞ്ഞു. വിവാദത്തിൽ സ്കൂൾ മാനേജർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിൻ്റെ കണ്ടെത്തൽ.

വസ്ത്രധാരണത്തിൻ്റെ പേരിൽ പ്രധാനാധ്യാപികയെ മാറ്റി നിർത്തി എന്നും കെഇആർ ചട്ടങ്ങളുടെ ലംഘനമാണ് സംഭവിച്ചതെന്നും വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജർക്ക് ഡിഡിഇ നോട്ടീസും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂൾ മാനേജർ സുരേഷ് വിദ്യാഭ്യാസ വകുപ്പിന് വിശദീകരണം നൽകിയത്.

അതേസമയം, കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്ന് അധ്യാപിക സിന്ധു നായർ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. ചുരിദാർ ധരിച്ചു വരരുതെന്ന് മുൻപും മാനേജർ തന്നോട് പറഞ്ഞിട്ടുണ്ട്. സ്കൂൾ മാനേജർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം. സ്കൂളിൽ ജോലി ചെയ്യാൻ ഭയമാണെന്നും സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി തരണമെന്നും സിന്ധു എസ്. നായർ തുറന്നു പറ‍ഞ്ഞിരുന്നു.

ഫെബ്രുവരി നാലിനാണ് കൊട്ടാരക്കര നടുവത്തുർ ഈശ്വരവിലാസം സ്കൂളിൽ അധ്യാപികയെ പുറത്താക്കിയത്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തിരുന്നു. അധ്യാപികയെ അന്യായമായി തടഞ്ഞു വച്ചതിന് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെയാണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ പിരിച്ചുവിട്ടു. കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്ഐആറിലുള്ളത്. പിന്നാവെ സ്കൂൾ മാനേജരെയും പൊലീസ് പ്രതി ചേർത്തു. സുരേഷ് കുമാറിനെതിരെ പ്രേരണാക്കുറ്റമാണ് പൊലീസ് ചുമത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button