LDFന്റെ വികസന മുന്നേറ്റ ജാഥ: വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്കിടെ എം വി ഗോവിന്ദനെ സ്വീകരിച്ച് ധനരാജിന്റെ പങ്കാളി

കണ്ണൂര്‍: ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട് വി കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കിടെ എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ യാത്രയ്ക്ക് സ്വീകരണം നല്‍കി കൊല്ലപ്പെട്ട ധനരാജിന്റെ ജീവിത പങ്കാളി സജിനി. വടക്കന്‍ മേഖല ജാഥ പയ്യന്നൂരില്‍ എത്തിയപ്പോഴായിരുന്നു ധനരാജിന്റെ പങ്കാളി സജിനി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അടക്കം സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ എം വി ഗോവിന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
പോരാളികളുടെ ജീവനും ജീവിതവുമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ചരിത്രത്തിലുടനീളം വഴി നടത്തിയിട്ടുള്ളതെന്നും രക്തസാക്ഷികളുടെ ത്യാഗോജ്ജ്വലമായ ജീവിതമാണ് ഏതിനും മീതെ ചെങ്കൊടിയെ ഉയര്‍ത്തി കെട്ടിയിട്ടുള്ളതെന്നും എം വി ഗോവിന്ദന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചു. പിന്നെയും പോരാടാനുള്ള ഊര്‍ജ്ജവും കരുത്തും അവര്‍ തന്നുപോയിട്ടുള്ള സമരസ്മരണകളാണ്. പോരാളികളുടെ ചോര വീണ മണ്ണാണ് പയ്യന്നൂരെന്നും എം വിഗോവിന്ദന്‍ കുറിച്ചു
പയ്യന്നൂരില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വി കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനമാണ് എം വി ഗോവിന്ദന്‍ ഉന്നയിച്ചത്. ചില ആളുകള്‍ ബൂര്‍ഷ്വാ മാധ്യമങ്ങളുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല എന്ന് മാത്രമാണ് അവരോട് പറയാനുള്ളത്. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്ത് പരിഹരിച്ച വിഷയങ്ങളാണ് വി കുഞ്ഞികൃഷ്ണന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഒറ്റുകാരനുള്ള മറുപടിയാണ് പയ്യന്നൂരിലെ ജനക്കൂട്ടം. കുഞ്ഞികൃഷ്ണന്‍ എന്തോ മുന്‍കൈ നേടിയെന്ന തോന്നലില്‍ ആണ് മുന്നോട്ട് പോകുന്നത്. എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെയും സ്ഥാനം ചവറ്റുകൊട്ടയിലാണ്. കുഞ്ഞികൃഷ്ണന്റെയും അവസ്ഥ അതുതന്നെയായിരിക്കുമെന്നും കുഞ്ഞികൃഷ്ണനെ ഉപയോഗിച്ച് പാര്‍ട്ടിയെ തോല്‍പ്പിക്കാമെന്ന് കരുതേണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തു എന്നുമായിരുന്നു മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കണ്ണൂരില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ആരോപണം. പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടില്‍ നിന്നും തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും പണം തട്ടിയെന്നും കുഞ്ഞികൃഷ്ണന്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തെ വിവരം അറിയിച്ചെങ്കിലും ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് ചെയ്തത്. കണക്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ മനസിലാക്കാന്‍ സാധിച്ചത്. അത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. യഥാര്‍ത്ഥ വരവ് കണക്കില്‍ പൂര്‍ണമായും ഉള്‍പ്പെടുത്തിയിട്ടില്ല. രണ്ട് വീട് നിര്‍മാണത്തിന് ചെലവായ സംഖ്യയല്ല, അതിനേക്കാളുപരി ചെലവഴിച്ചുവെന്ന് കണക്ക് അവതരിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചിരുന്നു.
വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് വി കുഞ്ഞികൃഷ്ണന്‍ ഇപ്പോഴുളളതെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ടി ഐ മധുസൂദനന്‍ എംഎല്‍എയെ കുഞ്ഞികൃഷ്ണന്‍ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും എംഎല്‍എയുടെ സ്വീകാര്യതയെ ഇല്ലാതാക്കാനുളള ശ്രമമാണ് നടത്തിയതെന്നും കെ കെ രാഗേഷ് പറഞ്ഞിരുന്നു. എന്നാല്‍ വിഷയം പാര്‍ട്ടിക്കുള്ളില്‍ വലിയ കോളിളക്കമാണ് തീര്‍ത്തത്. കുഞ്ഞികൃഷ്ണനെ വിമര്‍ശിച്ച് ഒരു വിഭാഗം രംഗത്തുവന്നപ്പോള്‍ അദ്ദേഹത്തെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തുവന്നിരുന്നു.




