Uncategorized

മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച പ്രതി ഇർഫാൻ ഒളിവിൽ, മൊബൈൽ ഫോൺ സ്വിച്ച് ഓഫ്, സാമ്പത്തിക തർക്കം വധശ്രമത്തിൽ കലാശിച്ചു

മാവൂർ: കോഴിക്കോട് മാവൂർ കൂളിമാടിൽ സാമ്പത്തിക തർക്കത്തെത്തുടർന്ന് സഹോദരങ്ങളെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. മുന്നൂർ സ്വദേശിയായ ഇർഫാൻ ആണ് സംഭവത്തിന് ശേഷം ഒളിവിൽ പോയത്. പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇർഫാന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചാണ് മാവൂർ പൊലീസ് നിലവിൽ അന്വേഷണം നടത്തുന്നത്.

ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കൂളിമാട് മുന്നൂരിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. അയൽവാസിയായ തൻസിഫുമായി ഇർഫാന് നേരത്തെ സാമ്പത്തിക ഇടപാടുകളെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ തൻസിഫിന്റെ വീട്ടിലെത്തിയ ഇർഫാൻ ഇയാളെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ് പരിക്കേറ്റ തൻസിഫിനെ ഇർഫാൻ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. തന്റെ സഹോദരനെ മർദ്ദിച്ചതറിഞ്ഞ തസ്നീമും തൻസീലും വടികളുമായി ഇർഫാനെ തേടി ബൈക്കിൽ ഇറങ്ങി. റോഡിൽ വെച്ച് ഇർഫാന്റെ കാർ തടയാൻ ശ്രമിക്കുന്നതിനിടെ, ഇർഫാൻ കാർ ബൈക്കിന് നേരെ ഇടിച്ചു കയറ്റുകയായിരുന്നു.

കാറിടിയുടെ ആഘാതത്തിൽ തെറിച്ചു വീണ സഹോദരങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. തൻസീലിന് തലയോട്ടിക്ക് പരിക്കും നട്ടെല്ലിന് ഒടിവും സംഭവിച്ചു. ഇടുപ്പെല്ല് മുറിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇരുവരും നിലവിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവസ്ഥലത്ത് കാർ ഉപേക്ഷിച്ചാണ് ഇർഫാൻ കടന്നുകളഞ്ഞത്. മാവൂർ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇരുവർക്കുമിടയിലുണ്ടായ സാമ്പത്തിക ഇടപാടിന്റെ കൃത്യമായ കാരണവും പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button