Uncategorized

അന്വേഷണത്തിന്‍റെ പോക്കിൽ ഭയമുണ്ടെങ്കിൽ പാരഡി ഗാനം ഒന്നിച്ച് പാടിയാൽ മതി, അത് കൂട്ടക്കരച്ചിലാകും; വിഡി സതീശനെതിരെ മന്ത്രി എംബി രാജേഷ്

പാലക്കാട്: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടി സംഘത്തിനെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മന്ത്രി എംബി രാജേഷ്. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ വിഡി സതീശൻ ഇപ്പോള്‍ മലക്കം മറിഞ്ഞുവെന്ന് മന്ത്രി എംബി രാജേഷ്. യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞപ്പോൾ എസ്ഐടിയിൽ വിശ്വാസം നഷ്ടപ്പെട്ടോയെന്നും എംബി രാജേഷ് ചോദിച്ചു. കടകംപള്ളി സുരേന്ദ്രനെ മൊഴി എടുക്കാൻ വിളിച്ചപ്പോൾ പ്രതിപക്ഷത്തിന് വൻ ആഘോഷമായിരുന്നു. ഇപ്പോള്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവിന് ഇരട്ടത്താപ്പാണ്. സ്വന്തക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ എന്തിനാണ് പരിഭ്രാന്തിയെന്ന് ചോദിച്ച എംബി രാജേഷ് അന്വേഷണത്തിന്‍റെ പോക്കിൽ ഭയം ഉണ്ടെങ്കിൽ പാരഡി ഗാനം ഒരുമിച്ച് പാടിയാൽ മതിയെന്നും അത് കൂട്ടക്കരച്ചിലാകുമെന്നും പരിഹസിച്ചു.

കോണ്‍ഗ്രസ് ചെയ്യുന്നതിൽ ഒന്നും ദുരൂഹതയില്ലെന്നാണ് അവരുടെ നിലപാട്. കോൺഗ്രസിന്‍റെ രണ്ട് നേതാക്കൾ എന്തിനാണ് പ്രതികൾക്കൊപ്പം സോണിയ ഗാന്ധിയെ കണ്ടതെന്നും എംബി രാജേഷ് ചോദിച്ചു. വെള്ളാപ്പള്ളി നടേശന്‍റെ യുടെ സിപിഐ വിമര്‍ശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങള്‍ ഒറ്റച്ചാട്ടത്തിനാണ് ബിജെപിയായതെന്നും നേതൃനിരയിലും കോണ്‍ഗ്രസ്-ബിജെപി ഡീലുണ്ടെന്നും എംബി രാജേഷ് പറഞ്ഞു. ഹൈക്കമ്മാൻഡ് മുതൽ പഞ്ചായത്ത് വരെ ബിജെപിയിലേക്ക് കണ്ണുനട്ടിരിക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടിയില്‍ സിപിഎം ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്നലെ ആരോപിച്ചിരുന്നു. നിയമനത്തിന് പിന്നില്‍ മുതിര്‍ന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണ്. ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള എസ്.ഐ.ടിയില്‍ നുഴഞ്ഞ് കയറാനും വാര്‍ത്തകള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്താനുമുള്ള നീക്കമാണിതെന്നും എസ്.ഐ.ടിയെ നിര്‍വീര്യമാക്കാനുള്ള നീക്കത്തില്‍ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നും ഇന്നലെ വിഡി സതീശൻ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് മന്ത്രി എംബി രാജേഷിന്‍റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button