നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ ആശുപത്രിയിൽ നിന്ന് മുങ്ങി; യുവതിക്കായി വ്യാപക തിരച്ചിൽ

ലണ്ടൻ കുഞ്ഞിന് ജന്മം നൽകിയ ശേഷം ലണ്ടൻ ആശുപത്രിയിൽ നിന്ന് മുങ്ങിയ യുവതിക്കായി വ്യാപക തിരച്ചിൽ. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പൊലീസിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഇരുപതുകളിലുള്ള യുവതിയാണ് കിഴക്കൻ ലണ്ടനിലെ റോംഫോർഡ് ആശുപത്രിയിൽ നിന്ന് മുങ്ങിയത്.
കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.കറുത്ത മുടി, മെലിഞ്ഞ ശരീരം എന്നിവയുള്ള യുവതി കാണാതാകുമ്പോൾ ഇളം നിറമുള്ള ടോപ്പും പാവാടയുമാണ് ധരിച്ചിരുന്നത്.
പ്രസവിച്ച് അധികം വൈകാതെയാണ് സ്ത്രീ ആശുപത്രിയിൽ നിന്ന് പോയത്. അതിനാൽ തന്നെ അവർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കണമെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ നീൽ ഗോഡ്വിൻ അറിയിച്ചു. ഇതൊരു ക്രിമിനൽ അന്വേഷണമല്ല. യുവതി സുരക്ഷിതയാണെന്ന് ഉറപ്പാക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇവരെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.




