Uncategorized

‘അവനെ പോയി തല്ലെടാ….’; ഏഴാംക്ലാസുകാരനെ അടിക്കാന്‍ പത്താംക്ലാസുകാരോട് പ്രി‍ന്‍സിപ്പാള്‍

സര്‍ക്കാര്‍ സ്കൂളില്‍ ഏഴാംക്ലാസുകാരനെ മര്‍ദിക്കാന്‍ പത്താംക്ലാസുകാര്‍ക്ക് പ്രിന്‍സിപ്പലിന്റെ നേരിട്ടുള്ള നിര്‍ദേശം. ഹൈദരാബാദിലെ കോമ്പള്ളി സര്‍ക്കാര്‍ ഹൈസ്ക്കൂളിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിന്‍സിപ്പാളിനെതിരെ പ്രതിഷേധം കടുക്കുകയാണ്.

പത്താംക്ലാസ് വിദ്യാര്‍ഥികളോടാണ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജൂനിയര്‍ വിദ്യാര്‍ഥിയായ ഏഴാംക്ലാസുകാരനെ മര്‍ദിക്കാന്‍ നേരിട്ട് നിര്‍ദേശം നല്‍കിയത്. സംഭവം പുറത്തറിഞ്ഞതോടെ ദിണ്ഡിഗല്‍ എംഇഒ കൂടിയായ കൃഷ്ണയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കേണ്ട അധ്യാപകനില്‍ നിന്നും ഇത്തരമൊരു നിര്‍ദേശം വന്നത് മാതാപിതാക്കളിലും കടുത്ത എതിര്‍പ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

സ്കൂളിലെ സൈക്കിൾ സ്റ്റാൻഡിൽ വെച്ച് സൈക്കിളിന്റെ ഭാഗങ്ങൾ മോഷ്ടിച്ചതിനെയും ടയറുകളിലെ കാറ്റ് അഴിച്ചുവിട്ടതിനെയും സംബന്ധിച്ചുണ്ടായ ഒരു ചെറിയ തർക്കമാണ് ഈ അക്രമത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച മധു എന്ന അധ്യാപകന്‍ മര്‍ദനത്തിനിരയായ വിദ്യാര്‍ഥി, ഫനീന്ദ്ര സൂര്യയോട് സൈക്കിള്‍ സ്റ്റാന്‍റില്‍ പോയി പരിശോധന നടത്താന്‍ പറഞ്ഞു. സ്ഥിരം മോഷണം നടക്കുന്ന സ്റ്റാന്‍ന്റിലെത്തി സൂര്യ നോക്കുന്നതിനിടെ ചാരി എന്ന അധ്യാപിക കാണുകയും, പതിവായി നടക്കുന്ന സൈക്കിള്‍ മോഷണത്തിനു പിന്നില്‍ സൂര്യയായിരിക്കുമെന്ന് കരുതുകയും ചെയ്തു. ഉടന്‍ തന്നെ അധ്യാപിക സൂര്യയെ ഹെഡ് മാസ്റ്ററുടെ ഓഫീസിലെത്തിച്ചു.

സംഭവത്തില്‍ സുതാര്യമായ ഒരന്വേഷണം നടത്തുന്നതിനു പകരമായി പ്രിന്‍സിപ്പാള്‍ പത്താംക്ലാസിലെ ഒമ്പതു കുട്ടികളെ വിളിച്ച് സൂര്യയെ മര്‍ദിക്കാനായി ആവശ്യപ്പെട്ടു. അച്ചടക്ക നടപടിയുടെ ഭാഗമായി സൂര്യയുടെ പുറത്ത് വടിയുപയോഗിച്ച് തലങ്ങും വിലങ്ങും മര്‍ദിച്ചു. കടുത്ത വേദനയുമായി വീട്ടിലെത്തിയ സൂര്യ മാതാപിതാക്കളോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് പ്രിന്‍സിപ്പാളിന്റേയും രണ്ട് അധ്യാപകരുടേയും പങ്ക് വിശദമായി അന്വേഷിക്കും. പ്രിന്‍സിപ്പാള്‍, എംഇഒ സ്ഥാനത്തുനിന്നും കൃഷ്ണയെ ഉടനടി സസ്പെന്റ് ചെയ്യണമെന്ന് മാതാപിതാക്കളും സാമൂഹിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ഭാരതീയ ന്യായ് സംഹിത, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button