Uncategorized

‘കിക്ക്’ കിട്ടാന്‍ മോഷ്ടിച്ച അനസ്തീസിയ സ്വയം കുത്തിവച്ചു; യുവാക്കള്‍ക്ക് ദാരുണാന്ത്യം

ലഹരി കിട്ടുന്നതിനായി ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന അനസ്തീസിയ സ്വയം കുത്തിവച്ച യുവാക്കള്‍ മരിച്ചു. ഹൈദരാബാദിലാണ് സംഭവം. ഓട്ടോഡ്രൈവര്‍മാരായ ജഹാംഗീർ ഖാൻ (25), സയ്യിദ് ഇർഫാൻ (29) എന്നിവരാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ചന്ദ്രയാങ്കുട്ടയിലെ ഫ്ലൈഓവറിനു കീഴിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന അനസ്തീസിയയായ അട്രാനിയം 25 മില്ലിഗ്രാം, സിറിഞ്ചുകള്‍, ഒരു ആംപ്യൂള്‍ എന്നിവയും സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

ഡിസംബർ 2 ന് രാത്രി ‘ടെർമിൻ’ എന്നറിയപ്പെടുന്ന ലഹരിമരുന്ന് എത്തിക്കാന്‍ ഇരുവരും സുഹൃത്തിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇത് കിട്ടാതിരുന്നതോടെ പകരം അട്രാനിയം ആംപ്യൂളുകളാണ് സുഹൃത്ത് ഇരുവര്‍ക്കും എത്തിച്ചുനല്‍കിയത്. തുടര്‍ന്ന് മൂവരും മേൽപ്പാലത്തിനടുത്ത് ഒത്തുകൂടി മരുന്ന് കുത്തിവച്ചു. അമിത അളവില്‍ മരുന്ന് കുത്തിവച്ച ജഹാംഗീറും ഇർഫാനും കുഴഞ്ഞുവീഴുകയും ഉടന്‍ മരണം സംഭവിക്കുകയും ചെയ്തു. അതേസമയം, ചെറിയ അളവിൽ മരുന്ന് കുത്തിവച്ച സുഹൃത്ത് കുഴഞ്ഞുവീണെങ്കിലും ഇയാള്‍ക്ക് പിന്നീട് ബോധം വന്നു.

സ്വകാര്യ ആശുപത്രിയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട അനസ്തീസിയ മരുന്നാണ് നിയമവിരുദ്ധ വിതരണക്കാരനിലൂടെ യുവാക്കളിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. മരുന്ന് കൈകാര്യം ചെയ്യുന്നതിലുണ്ടായ ആശുപത്രി അധികൃതരുടെ വീഴ്ചയാണ് ഇതിന് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഒരു ന്യൂറോ സർജൻ ശസ്ത്രക്രിയക്ക് ശേഷം ബാക്കിവന്ന മരുന്ന് ഓപ്പറേഷൻ തിയേറ്ററിൽ തന്നെ അലക്ഷ്യമായി ഉപേക്ഷിക്കുകയായിരുന്നു. ഇത് ആശുപത്രി പ്രോട്ടോക്കോളിന്റെ ലംഘനമാണെന്നും പൊലീസ് പറഞ്ഞു.

ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് ഇതേ ആശുപത്രിയിലെ ജീവനക്കാരനായ ചൗഡെ ആകാശ് എന്നറിയപ്പെടുന്നയാളാണ് മരുന്ന് മോഷ്ടിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. നാല് അട്രാനിയം ആംപ്യൂളുകളുടെ ഒരു പായ്ക്കറ്റ് മോഷ്ടിച്ചതായി യുവാവ് സമ്മതിച്ചിട്ടുണ്ട്. ഇത് ആകാശ് മറ്റൊരാൾക്ക് വില്‍ക്കുകയും ഈ മരുന്നാണ് മരിച്ച ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ലഭിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ന്യൂറോസർജനും അസിസ്റ്റന്റിനുമെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button