‘സന്ദീപ് വാര്യരും രാഹുൽ ഈശ്വറും അതീജിവിതയെ അപമാനിക്കാൻ ശ്രമിക്കുന്നു’; ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്ന പരാതി നല്‍കിയ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതി. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെയും രാഹുല്‍ ഈശ്വറിനുമെതിരെയുമാണ് ഡിവൈഎഫ്‌ഐ ഡിജിപിക്ക് പരാതി നല്‍കിയത്. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് അപമാനിക്കാന്‍ ലക്ഷ്യമിട്ടാണെന്ന് പരാതിയില്‍ പറയുന്നു. സൈബര്‍ ക്രിമിനലുകള്‍ക്ക് അതിജീവിതയെ കൊത്തിവലിക്കാന്‍ ഇട്ടുകൊടുത്തെന്ന് ഡിവൈഎഫ്‌ഐ പരാതിയിൽ പറയുന്നു.
പരാതിക്കാരിയെ അപമാനിക്കാനുള്ള സംഘടിതശ്രമമാണ് രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരും നടത്തിയത് എന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റാണ് ഇരുവരും പങ്കുവച്ചിരുന്നത്. പോസ്റ്റിലെ വിവരങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന നിരവധി ഗ്രൂപ്പുകളിലാണ് പ്രചരിക്കുന്നത്.
ഇതിനിടെ മുഖ്യമന്ത്രിക്ക് യുവതി പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന വിവരം പുറത്ത് വന്നത് മുതൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് തടസമാകുമെന്നതിനാൽ കേരളത്തിന് പുറത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ പോകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്‌ളാറ്റിലുണ്ട്. രാഹുല്‍ പാലക്കാട്ടെ രഹസ്യകേന്ദ്രത്തില്‍ തന്നെയുണ്ടെന്നാണ് വിവരം. രാഹുലിനെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. നിരീക്ഷണം ശക്തമാക്കാന്‍ പാലക്കാട്, കൊച്ചി, തിരുവനന്തപുരം സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, പരാതിക്കാരിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വൈദ്യപരിശോധന നടത്തിയത്. പരാതിക്കാരിയുടെ സുഹൃത്തുക്കളുടെയും ചികിത്സിച്ച ഡോക്ടറുടെയും മൊഴിയെടുക്കും. ഇന്ന് മുതല്‍ മൊഴിയെടുപ്പ് തുടങ്ങാനാണ് പൊലീസ് നീക്കം. യുവതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ ഉറ്റ സുഹൃത്തുമായ ജോബി ജോസഫും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.




