ഭരണഘടനയെ മാനിക്കുന്നവരെ തെരഞ്ഞെടുക്കണം’; ക്രൈസ്തവർ ചിന്തിച്ച് വോട്ട് ചെയ്യണമെന്ന് സിറോ മലബാർ സഭ

തിരുവനന്തപുരം: ക്രൈസ്തവര്‍ ചിന്തിച്ച് വോട്ട് ചെയ്യണമെന്ന് സിറോ മലബാര്‍ സഭ. സഭയ്ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് ദൈവരാജ്യത്തിന്റെ രാഷ്ട്രീയമാണെന്നും സിറോ മലബാര്‍ സഭ പറഞ്ഞു. ഭാരതത്തിന്റെ മഹത്തായ ഭരണഘടനയെ മാനിക്കുന്നവരെയാണ് തെരഞ്ഞെടുക്കേണ്ടത്. ആരെ തെരഞ്ഞെടുക്കണമെന്നും ഏത് മുന്നണിയുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കണമെന്നും ക്രൈസ്തവര്‍ തീരുമാനിക്കണമെന്ന് സീറോ മലബാര്‍ സഭയുടെ മീഡിയ കമ്മീഷന്‍ പേജില്‍ കുറിച്ചു.
‘മനുഷ്യനെ അടിമകളാക്കുന്ന സകല വ്യവസ്ഥിതികളിലും നിന്നുള്ള മോചനം ഉറപ്പാക്കുന്ന, മനുഷ്യാന്തസ്സും, അവകാശങ്ങളും, തുല്യതയും മുറുകെപ്പിടിക്കുന്ന ഒരു രാഷ്ട്രീയമാണ് സഭയുടേത്. ആ രാഷ്ട്രീയത്തെ മാനിക്കുന്നവരെയാണ് തിരഞ്ഞെടുപ്പില്‍ ക്രൈസ്തവര്‍ വിജയിപ്പിക്കേണ്ടത്. അധികാര മോഹികളും നിക്ഷിപ്ത താല്‍പര്യക്കാരും നീതിപൂര്‍വമായ നിലപാടുകളെടുക്കാന്‍ ധൈര്യമില്ലാത്തവരും സംഘടിത ശക്തികളിലൂടെ മുന്‍പില്‍ പ്രീണനത്തിന്റെ വിലകെട്ട രാഷ്ട്രീയം ശീലമാക്കുന്നവരെയും വിലയിരുത്താനുള്ള സമയമാണിത്’, പോസ്റ്റില്‍ പറയുന്നു.




