സാധനങ്ങൾ വാങ്ങാൻ യുപിയിൽ നിന്ന് ഡൽഹിയിലെത്തി, സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ 22 കാരനായ യുവ വ്യാപാരിയും

ന്യൂഡൽഹി: ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ടയ്ക്ക് പരിസരത്തുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ 22 കാരനായ യുവ വ്യാപാരിയും. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നിന്നുള്ള നൗമാൻ എന്ന വ്യവസായിയാണ് കൊല്ലപ്പെട്ടത്. ഷാംലിയിൽ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിൽപന നടത്തുന്ന യുവാവ് സാധനങ്ങൾ വാങ്ങാനായാണ് ഡൽഹിയിലെത്തിയത്. യുവാവിന്‍റെ ബന്ധുക്കൾ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.സംഭവ സമയം യുവാവിനൊപ്പമുണ്ടായിരുന്ന ബന്ധുവായ 21കാരൻ അമാനും സ്‌ഫോടനത്തിൽ പരിക്കേറ്റു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന 28 വയസുള്ള അൻകുഷ് ശർമ്മ, 20 വയസുള്ള രാഹുൽ കൗശിക് എന്നിവർക്കും പരിക്കേറ്റു. ഹ്യുണ്ടായ് ഐ ട്വന്റി പൊട്ടിത്തെറിക്കുന്ന സമയം ഇവർ ഈ വാഹനത്തിനടുത്താണ് ഉണ്ടായിരുന്നത്. സ്‌ഫോടനത്തിൽ അൻകുഷ് ശർമ്മയുടെ മുഖത്തും ശരീരത്തിലുമായി 80 ശതമാനം പൊള്ളലേറ്റു. രാഹുലിന്റെ മുടി കത്തിക്കരിഞ്ഞു. കാലിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പൊള്ളലേറ്റു. സ്‌ഫോടന ശബ്ദത്തിൽ രാഹുലിൻ്റെ ചെവിക്ക് പ്രശ്‌നമുണ്ടായെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ ഇനിയും ആളുകളെ തിരിച്ചറിയാനുണ്ട്. കത്തിക്കരിഞ്ഞ നിലയിലായതിനാൽ തന്നെ തിരിച്ചറിയലിനായി ഡിഎൻഎ പരിശോധന നടത്താനാണ് നീക്കം.
ഇന്നലെ വൈകിട്ട് 6.52നാണ് ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷന് സമീപമുള്ള ഒന്നാം ഗേറ്റിനടുത്ത് കാർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 13 പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. സ്ഫോടനത്തിന് ഇതിന് മുൻപായി ഈ കാർ മൂന്ന് മണിക്കൂറോളം ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ടിരുന്നു. കോട്ടയ്ക്ക് സമീപത്തെ സുനേരി മസ്ജിദിന് സമീപമായിരുന്നു വാഹനം പാർക്ക് ചെയ്തത്. വൈകിട്ട് 3.19ന് പാർക്കിങ്ങിൽ വാഹനം എത്തുന്നതും സ്‌ഫോടനത്തിന് മിനിട്ടുകൾക്ക് മുൻപായി 6.40 ന് തിരിച്ചുപോകുന്നതും വ്യക്തമാകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. തുടക്കത്തിൽ കാർ ഓടിച്ചിരുന്ന വ്യക്തിയുടെ മുഖം കാണാനാകുന്നുണ്ടെങ്കിലും പിന്നീട് ഇയാൾ മാസ്‌ക് ധരിച്ച നിലയിലായിരുന്നു. HR26CE7674 എന്ന ഹരിയാന രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ഐ 20 വാഹനമാണിത്.
കാർ ഓടിച്ചിരുന്നത് ഫരീദാബാദിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഡോ. ഉമർ മുഹമ്മദാണെന്നാണ് പൊലീസ് പറയുന്നത്. പാർക്കിങ്ങിലേക്ക് വാഹനം വരുമ്പോഴും തിരിച്ച് പോകുമ്പോഴും വാഹനത്തിൽ ഇയാൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ ടോൾ പ്ലാസകളിൽനിന്നടക്കം നൂറോളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചിട്ടുള്ളത്.




