വോട്ട് തേടി എ കെ ആന്റണിയുടെ വീട്ടിലെത്തി പൂജപ്പുര രാധാകൃഷ്ണൻ; ഇഷ്ടമാണെങ്കിലും തരാൻ കഴിയില്ലെന്ന് മറുപടി

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയോട് വോട്ട് തേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പൂജപ്പുര രാധാകൃഷ്ണന്‍. ജഗതി വാര്‍ഡിലെ ഇടത് സ്ഥാനാര്‍ത്ഥിയാണ് പൂജപ്പുര രാധാകൃഷ്ണന്‍. എ കെ ആന്റണി താമസിക്കുന്നത് ജഗതി വാര്‍ഡിലാണ്. വീട്ടിലെത്തിയാണ് സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ചത്.
പൂജപ്പുര രാധാകൃഷ്ണനെ ഇഷ്ടമാണെങ്കിലും ആശംസിക്കാനോ വോട്ട് തരാനോ കഴിയില്ലെന്നായിരുന്നു എകെ ആന്റണിയുടെ മറുപടി. തന്നെ കാണാന്‍ വന്നതില്‍ സന്തോഷമുണ്ടെന്നും ആന്റണി പറഞ്ഞു. ‘ആശംസ പറയാൻ പാടില്ല. പക്ഷേ എനിക്കിഷ്ടമാണെന്ന് ഞാൻ പറഞ്ഞു. ജനാധിപത്യമല്ലേ, ആരോഗ്യകരമായ മത്സരം വേണം. കോൺഗ്രസുകാരനല്ലാത്ത ഒരാളെ തെരഞ്ഞെടുപ്പിന് അനുഗ്രഹിക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് കണ്ടതിൽ സന്തോഷം’, എകെ ആന്റണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റാണ് പൂജപ്പുര രാധാകൃഷ്ണന്‍. പാര്‍ട്ടി ചെയര്‍മാനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാറാണ് രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.




