വിദേശ വിദ്യാർഥികളുടെ വരവിൽ കേരളം ബഹുദൂരം പിന്നിൽ; ദേശീയ ശരാശരിയെക്കാൾ താഴെ; കർണാടക മുന്നിൽ

കൊച്ചി: കേരളത്തിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം ദേശീയ ശരാശരിയുടെ പകുതി പോലുമില്ലെന്ന് കണക്കുകൾ. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട ഉന്നതവിദ്യാഭ്യാസ സര്‍വേയിലെ ( AISHE ) കണക്കുകൾ പ്രകാരം വിദേശവിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം പിന്നിലാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെല്ലാം ഇക്കാര്യത്തിൽ മികച്ച പ്രകടനം നടത്തുമ്പോഴും കേരളത്തിന് അവരുടെ ഏഴയലത്തെത്താൻ കഴിയുന്നില്ലെന്ന് കണക്കുകൾ പറയുന്നു.ഏറ്റവുമൊടുവിൽ പുറത്തുവന്ന കേന്ദ്ര ഉന്നത വിദ്യാഭ്യാസ സർവ്വേ റിപ്പോർട്ട് പറയുന്നത് രാജ്യത്താകെ 46,878 വിദേശ വിദ്യാർത്ഥികൾ പഠിക്കാനെത്തിയെന്നാണ്. ഇതിൽ കേരളത്തിൽ പഠിക്കാനെത്തിയത് 509 വിദേശ വിദ്യാർത്ഥികൾ മാത്രമാണ്. കേന്ദ്രത്തിന്റെ ഊ സർവ്വേ റിപ്പോർട്ട് 2024ൽ പ്രസിദ്ധീകരിച്ചതിനു ശേഷം കേരളത്തിലെ വിദേശവിദ്യാർത്ഥികളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ വര്‍ദ്ധനയും ഗണ്യമായ തോതിലുള്ളതല്ല. 2025-26ൽ കേരളത്തിലെ സര്‍വകലാശാലകളിലെത്തിയത് 768 വിദേശ വിദ്യാര്‍ഥികളാണെന്ന് സംസ്ഥാനം അവകാശപ്പെടുന്നു. അതായത് 267 വിദ്യാർത്ഥികളുടെ വർദ്ധന. ഇതടക്കം ചേർത്താലും ദേശീയതലത്തിൽ കേരളത്തിന്റെ സ്ഥിതി ഒട്ടും മെച്ചപ്പെടുന്നില്ല.




