കേളകം ശലഭഗ്രാമം ; സെമിനാർ സംഘടിപ്പിച്ചു

കേളകം: ഇന്ത്യയിലെ ആദ്യ ശലഭഗ്രാമമാകാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. വികസനസദസ്സിന്റെ മുന്നോടിയായാണ് ഈ സെമിനാറും നടത്തിയിട്ടുള്ളത്.
കേളകം ഗ്രാമപഞ്ചായത്തും ഹരിതകേരളം മിഷനും ചേർന്ന് തയ്യാറാക്കിയ “ഓക്കില” കേളകത്തെ പൂമ്പാറ്റകൾ” എന്ന പഠനപുസ്തകം തയ്യാറായതോടെയാണ് കേളകം ശലഭഗ്രാമമായിമാറ്റാൻ പഞ്ചായത്ത് തീരുമാനിച്ചത്.
സെൻറ് തോമസ് ഹയർസെക്കന്ററി സ്കൂൾ ഹാളിൽ നടന്ന സെമിനാർ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് ജാഫർ പാലോട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷനായി. “ശലഭഗ്രാമം ലക്ഷ്യവും സാധ്യതകളും” എന്ന വിഷയത്തിൽ ഹരിതകേരളം മിഷൻ സംസ്ഥാന ഫാക്കൽട്ടി വി സി ബാലകൃഷ്ണനും, “കാർഷികമേഖലയും ശലഭങ്ങളും” എന്ന വിഷയത്തിൽ ഗിരീഷ് മോഹനും ക്‌ളാസുകൾ നൽകി. “ഓക്കില” പഠനഗ്രന്ഥം തയ്യാറാക്കിയ നിഷാദ് മണത്തണ, വിമൽകുമാർ, നീലിഷ വിമൽ എന്നിവരെ സെമിനാറിൽ ആദരിച്ചു. മൂന്ന് ഏക്കർ ഭൂമിയിൽ ശലഭോദ്യാനം നിർമിക്കാനുള്ള സമ്മതപത്രം ഭൂഉടമ സ്കറിയ കണിയാഞ്ഞാലിൽ ചടങ്ങിൽവെച്ച് പഞ്ചായത്തിന് കൈമാറി. ആറളം ശലഭസങ്കേതം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, പഞ്ചായത്ത് അംഗം സുനിത വാത്യാട്ട്, സെന്റ് തോമസ് സ്കൂൾ പ്രധാനാധ്യാപകൻ എം വി മാത്യു തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മി സ്വാഗതവും, പരിസ്ഥിതി പ്രവർത്തകൻ നിഷാദ് മണത്തണ നന്ദിയും പറഞ്ഞു.
.




