Uncategorized

മുൻ കേന്ദ്രമന്ത്രി രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേർ ബിജെപിയിൽ നിന്ന് രാജിവെച്ചു, അസമിൽ ബിജെപിക്ക് വൻ തിരിച്ചടി

ഗുവാഹത്തി: അസമിൽ ബിജെപിക്ക് വൻ തിരിച്ചടി. ബിജെപി നേതാവും മുൻ കേന്ദ്രസഹമന്ത്രിയുമായ രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേർ പാർട്ടിവിട്ടു. ഇന്നലെയാണ് മുതി‍ർന്ന ബിജെപി നേതാവടക്കമുള്ളവ‍ർ രാജി വെച്ചത്, അസം ജനതയ്ക്കുനൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ബംഗ്ളാദേശികളെ സംസ്ഥാനത്ത് സ്ഥിരതാമസമാക്കാൻ അനുവദിച്ച് തദ്ദേശീയരെ വഞ്ചിച്ചെന്നും രാജിക്കത്തിൽ ഗൊഹെയ്ൻ ആരോപിച്ചു. സ‍ർക്കാരിന് ജനങ്ങളോട് ബഹുമാനമില്ലെന്നാണ് ഗൊഹെയ്ൻ ആരോപിക്കുന്നത്.

1999 മുതൽ 2019 വരെ നാലുതവണ നാഗോൺ നിയോജകമണ്ഡലത്തിൽ നിന്ന് നാല് തവണ ലോക്സഭയിലേക്ക് ഗൊഹെയ്ൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016 മുതൽ 2019 വരെ കേന്ദ്ര റെയിൽവേ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘പാർട്ടി നേതൃത്വം പ്രവർത്തകരിൽ വിശ്വാസം അർപ്പിക്കുകയും ബഹുമാനം കാണിക്കുകയും ചെയ്ത സമയമായിരുന്നു മുമ്പുണ്ടായിരുന്നത്. ഇപ്പോൾ നേതൃത്വം മാറി, നമ്മളെപ്പോലുള്ളവരോടുള്ള പാർട്ടിയുടെ മനോഭാവവും മാറി’- ബിജെപി അധ്യക്ഷൻ ദിലീപ് സൈകിയക്ക് രാജി നൽകിയ ശേഷം ഗൊഹെയ്ൻ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മുതിർന്ന നേതാക്കളടക്കം കൂട്ട രാജി വെച്ചത് സംസ്ഥാന നേതൃത്വത്തിന് വൻ തിരിച്ചടിയായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button