കേളകം പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ വൻക്രമക്കേട് നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ

കേളകം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കേളകം പഞ്ചായത്തിൽ സിപിഐഎം വോട്ടർപട്ടികയിൽ വൻ ക്രമക്കേട് നടത്തിയെന്ന് കോൺഗ്രസ് നേതാക്കൾ. കേളകം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാർക്കുളം, കെപിസിസി മെമ്പർ ലിസി ജോസഫ്, ഡിസിസി മെമ്പർ വർഗീസ് ജോസഫ്,പഞ്ചായത്ത് അംഗങ്ങളായ ജോണി പാമ്പാടിയിൽ,ഷിജി സുരേന്ദ്രൻ, ബിജു ചാക്കോ, കോൺഗ്രസ് നേതാക്കളായ വിത്സൻ , സോണി എന്നിവർ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. കേളകം പഞ്ചായത്തിൽ താമസമില്ലാത്തവരെയും വോട്ടർപ്പട്ടികയിൽ സിപിഐഎം തിരുകി കയറ്റി. കൊട്ടിയൂർ പഞ്ചായത്തിലെ രണ്ട് വോട്ടർമാരെയാണ് കേളകം പഞ്ചായത്തിൽ ചേർത്തതെന്നും , അന്യസംസ്ഥാന തൊഴിലാളികൾ അടക്കം വോട്ടർ പട്ടികയിൽ കയറി കൂടിയിട്ടുണ്ടെന്നും, വീട്ടുനമ്പർ പൂജ്യത്തിൽ പോലും പുതിയ വോട്ടറേ ചേർത്തിരിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. രേഖകൾ മുഴുവൻ ഹാജരാക്കിയ ശാന്തിഗിരിയിലെ മൂന്നുപേരുടെ വോട്ടുകൾ തള്ളി. ഇത്തരത്തിൽ വ്യാപകമായ ക്രമക്കേടുകൾ ആണ് കേളകം പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ ഉള്ളതെന്നും, ഇതുമായി ബന്ധപ്പെട്ട് പരാതിയുമായി മുന്നോട്ടു പോകുമെന്നും കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.




