Uncategorized

ആറ് കേസുകളില്‍ പ്രതി; കണ്ണപുരം സ്‌ഫോടന കേസിലെ പ്രതി അനൂപ് മാലിക്ക് 25 വര്‍ഷമായി ചെയ്യുന്നത് സ്‌ഫോടക വസ്തുക്കള്‍ നിര്‍മാണം

കണ്ണൂരിലെ കണ്ണപുരത്ത് ഇന്ന് പുലര്‍ച്ചെ വാടക വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെയാണ് എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്‍സ് ആക്ട് പ്രകാരം കേസെടുത്തത്. കേസ് ജില്ലാ ക്രൈം ബ്രാഞ്ച് എസിപി അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെയോടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനം നടന്ന വീട്ടില്‍ വെടിമരുന്നും പടക്ക നിര്‍മാണ സാമഗ്രികളും അടക്കം കണ്ടെത്തിയിട്ടുണ്ട്. ഷെല്‍ഫില്‍ സൂക്ഷിച്ച നിലയിലായിരുന്നു വെടിമരുന്ന്. അനുമതിയേതുമില്ലാതെയാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതെന്നും പൊലീസ് പറയുന്നുണ്ട്. ഉത്സവങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് നിഗമനം.അനൂപ് മാലിക്കിന് കരാര്‍ പോലുമില്ലാതെയാണ് വാടകയ്ക്ക് വീട് നല്‍കിയതെന്നാണ് ഉടമസ്ഥ ദേവി പറയുന്നത്. പെട്ടെന്ന് തന്നെ വീടൊഴിയുമെന്ന തരത്തിലാണ് വീട് വാടകയ്‌ക്കെടുത്തത്. ഒരു വര്‍ഷമായി ഇവര്‍ ഈ വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നെങ്കിലും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും ദേവി പറഞ്ഞു.

കണ്ണപുരത്തുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാലാട് സ്വദേശി മുഹമ്മദ് ആഷാം പ്രതി അനൂപ് മാലിക്കിന്റെ ബന്ധുവാണെന്നും പൊലീസ് സ്ഥിരീകരിച്ചു. സ്‌പെയര്‍പാര്‍ട്‌സ് ആവശ്യങ്ങള്‍ക്കായെന്ന പേരിലാണ് അനൂപ് മാലിക്ക് കണ്ണപുരത്ത് വീട് വാടകയ്‌ക്കെടുത്തത്. എന്നാല്‍ ഇയാള്‍ നേരത്തെയും സ്‌ഫോടന കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button