വാട്സ്ആപ്പ് മെസേജുകൾ ഇനി തെറ്റില്ല; ശരിയായി എഴുതാൻ റൈറ്റിംഗ് ഹെൽപ് ഫീച്ചർ

വാട്‌സ്ആപ്പ് മെസേജുകൾ അയക്കുമ്പോൾ ഗ്രാമർ തെറ്റുകൾ വരുമോ എന്ന ഭയം ഇനി വേണ്ട. വാട്സ്ആപ്പ് സന്ദേശങ്ങൾ വടിവൊത്ത ഭാഷയിലാക്കി മാറ്റുന്ന എഐ അധിഷ്‌ഠിത റൈറ്റിംഗ് ഹെൽപ് ഫീച്ചർ മെറ്റ അവതരിപ്പിച്ചു. ഈ ഫീച്ചർ വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങി. പ്രൈവറ്റ് പ്രൊസസ്സിംഗ് സാങ്കേതികവിദ്യയിലുള്ള ഈ സംവിധാനം ആരുടെയെങ്കിലും മെസേജുകൾ കോപ്പി ചെയ്യുകയോ സ്വകാര്യതയെ ഹനിക്കുകയോ ചെയ്യില്ലെന്നും മെറ്റ അറിയിച്ചു.
വാട്‌സ്ആപ്പിൽ പുത്തൻ ഫീച്ചർ
ഇനി മുതൽ വാട്‌സ്‌ആപ്പിൽ വ്യക്തികൾക്കോ ഗ്രൂപ്പുകളിലോ ഒരു മെസേജ് ടൈപ്പ് ചെയ്യുമ്പോൾ പേന ഐക്കൺ കാണാനാകും. നിങ്ങളൊരു മെസേജ് ടൈപ്പ് ചെയ്‌ത് തുടങ്ങിയാൽ ഈ പെൻ ഐക്കണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിർദ്ദേശങ്ങളടങ്ങുന്ന വരികളുള്ള ഒരു പോപ്അപ്പ് ഉയർന്നുവരും. ഇതിൽ നിന്ന് നിങ്ങളുടെ ഏറവും ഉചിതമെന്ന് തോന്നുന്ന വാചകം സെലക്‌ട് ചെയ്യുക. ഇതോടെ ഈ മെസേജ്, നിങ്ങൾ നേരത്തെ ടൈപ്പ് ചെയ്തുവച്ച മെസേജിനെ റീപ്ലേസ് ചെയ്യും. വാട്‌സ്ആപ്പിൽ ടൈപ്പ് ചെയ്യുമ്പോൾ വാക്കുകൾ കിട്ടാണ്ട് വരികയോ വാചകം പൂർത്തിയാക്കാൻ കഴിയാതിരിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ഈ ഫീച്ചർ ഗുണകരമാകും. മാത്രമല്ല, വാട്‌സ്ആപ്പ് മെസേജിൻ്റെ അർഥം മാറിപ്പോകുമോ, അതല്ലെങ്കിൽ ഗ്രാമർ തെറ്റുകളും അക്ഷരത്തെറ്റുകളുമുണ്ടാകുമോ എന്നിങ്ങനെയുള്ള ആശങ്കകളും ഒഴിവാക്കാം.
ഉപയോക്താക്കൾ ടൈപ്പ് ചെയ്യുന്ന മെസേജുകൾക്ക് പകരം സജഷൻസ് പോപ്അപ്പായി കാണിക്കുന്നത് കൊണ്ടുതന്നെ ഈ സന്ദേശങ്ങളെല്ലാം മെറ്റ വായിക്കുന്നുണ്ടോ എന്ന ആശങ്ക പലർക്കും കാണും. എന്നാൽ പ്രൈവറ്റ് പ്രോസസ്സിംഗ് ടെക്നോളജി ഉപയോഗിച്ചാണ് റൈറ്റിംഗ് ഹെൽപ് ഫീച്ചർ തയ്യാറാക്കിയിരിക്കുന്നത് എന്ന് മെറ്റ പറയുന്നു. മെറ്റ എഐയാണ് ഈ നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതെന്നും ടൈപ്പ് ചെയ്ത മെസേജോ, നിർദ്ദേശങ്ങളോ വാട്സ്ആപ്പോ, മെറ്റയോ വായിക്കുന്നില്ലെന്നും കമ്പനി അവകാശപ്പെട്ടു. ഈ പ്രൈവറ്റ് പ്രോസസ്സിംഗ് ടെക്നോളജി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കാൻ ആഗ്രഹിക്കുന്നവർക്കായി വിശദമായ എഞ്ചിനീയറിംഗ് ബ്ലോഗ് വാട്‌സ്ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. സ്വതന്ത്ര സൈബർ സുരക്ഷാ വിദഗ്‌ധർ പരിശോധിച്ച് ഉറപ്പുവരുത്തിയ സാങ്കേതികവിദ്യയാണ് പ്രൈവറ്റ് പ്രോസസ്സിംഗ് ടെക്നോളജി എന്നും മെറ്റ അറിയിച്ചു.




