‘ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണം’; കന്യാസ്ത്രീകൾക്കും വൈദികർക്കും മർദനമേറ്റതിൽ പ്രതികരിച്ച് ശിവൻകുട്ടി

തിരുവനന്തപുരം: കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാരോട്. ഒഡീഷയിലും കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റു. അക്രമത്തെ അതിശക്തമായി അപലപിക്കുന്നു. ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിന് പിന്നാലെ ഒഡീഷയിലും കന്യാസ്ത്രീകൾക്ക് നേരെ നടന്ന അതിക്രമത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്നലെ വൈകിട്ടാണ് ഒഡീഷയിൽ മലയാളി കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ബജ്രംഗ്ദൾ അതിക്രമം ഉണ്ടായത്. കുർബാനയ്ക്ക് പോയപ്പോഴാണ് 70 അംഗ ബജ്രംഗ്ദൾ സംഘം വൈദികരെയും കന്യാസ്ത്രീകളെയും തടഞ്ഞു വച്ച് അക്രമം കാട്ടിയത്. ഒപ്പമുള്ളവരെ ക്രൂരമായി കൈയ്യേറ്റം ചെയ്തെന്നും ബൈക്കിന്റെ പെട്രോൾ ഊറ്റിക്കളഞ്ഞുവെന്നും അതിക്രമത്തിന് ഇരയായവർ വെളിപ്പെടുത്തി.




