Uncategorized

കരുത്തോടെയും സുരക്ഷിതരായും ഇരിക്കുക, സുനാമി മുന്നറിയിപ്പിൽ ജാഗ്രത വേണമെന്ന് ട്രംപ്; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

വാഷിംഗ്ടൺ: പസഫിക് തീരത്തും ഹവായിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പസഫിക് സമുദ്രത്തിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. “പസഫിക് സമുദ്രത്തിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പം കാരണം ഹവായിയിൽ താമസിക്കുന്നവർക്ക് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അലാസ്കയ്ക്കും യുഎസിന്‍റെ പസഫിക് തീരത്തിനും സുനാമി മുന്നറിയിപ്പ് നിലവിലുണ്ട്. ജപ്പാനും ഈ ഭീഷണി നേരിടുന്നുണ്ട്. കരുത്തോടെയും സുരക്ഷിതരായും ഇരിക്കുക” – ട്രംപ് തന്‍റെ പോസ്റ്റിൽ കുറിച്ചു.

അതേസമയം, സുനാമി മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യയുടെ കോണ്‍സുലേറ്റ് ജനറല്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയിലെ കംചട്ക ഉപദ്വീപിലുണ്ടായ അതിശക്തമായ ഭൂചലനത്തിന് പിന്നാലെയാണ് വിവിധരാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അധികൃതര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

കാലിഫോര്‍ണിയയിലെയും മറ്റ് പടിഞ്ഞാറന്‍ തീര സംസ്ഥാനങ്ങളിലെയും ഹവായിയിലെയും ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പുലര്‍ത്താനും അമേരിക്കന്‍ അധികൃതര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനുമാണ് കോണ്‍സുലേറ്റ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. യുഎസ് അധികൃതരില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണം, സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നപക്ഷം ഉയര്‍ന്ന പ്രദേശത്തേക്ക് മാറണം, തീരപ്രദേശങ്ങള്‍ ഒഴിവാക്കണം, അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സന്നദ്ധരായിരിക്കണം, ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്ത് സൂക്ഷിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കായി നൽകിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button